'ഹരിത' 10ാം വര്‍ഷത്തിലേക്ക്; പേരിന് പോലും ഒരു കമ്മിറ്റിയില്ലാത്ത ഗതികേടില്‍ സംഘടന

ആഭ്യന്തര വിവാദങ്ങളില്‍ ആടി ഉലയുന്ന 'ഹരിത' രൂപീകരണത്തിന്‍റെ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആഘോഷിക്കാന്‍ പേരിന് പോലും ഒരു കമ്മിറ്റിയില്ലാത്ത ഗതികേടിലാണ്.

Update: 2021-09-11 02:58 GMT
Advertising

എം.എസ്.എഫിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത പത്താം വയസ്സിലേക്ക് കടക്കുന്നു. ക്യാമ്പസുകളില്‍ പെണ്‍കുട്ടികളെ ഒപ്പം നിര്‍ത്തുകയായിരുന്നു 2012 സെപ്റ്റംബര്‍ 11 ന് സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര വിവാദങ്ങളില്‍ ആടി ഉലയുന്ന ഹരിത രൂപീകരണത്തിന്‍റെ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആഘോഷിക്കാന്‍ പേരിന് പോലും ഒരു കമ്മിറ്റിയില്ലാത്ത ഗതികേടിലാണ്.

Full View

2011-ല്‍ മമ്പാട് എം.ഇ.എസ് കോളേജില്‍ ഹരിത എന്ന പേരില്‍ പെണ്‍കുട്ടികളുടെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. അതേ പേരില്‍ തന്നെ വനിതാ വിംഗ് രൂപീകരിച്ചാലോ എന്ന ചിന്ത അങ്ങനെയാണ് അന്നത്തെ സംസ്ഥാന എം.എസ്.എഫ് നേത്യത്വത്തിന്‍റെ മനസ്സില്‍ വരുന്നത്. പികെ ഫിറോസ് പ്രസിഡന്‍റും ടി.പി അഷ്റഫലി ജനറല്‍ സെക്രട്ടറിയുമായ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെപ്റ്റംബര്‍ 11ന് ഹരിത ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഷെഫീന നാദാപുരം പ്രസിഡന്‍റും, ഫാത്തിമ തഹ് ലിയ ജനറല്‍ സെക്രട്ടറിയും, പാര്‍വതി രാജ് ട്രഷററുമായി. പതിയെ പതിയെ കോളേജ് തെരഞ്ഞെടുപ്പില്‍ ജനറല് സീറ്റുകളിലേക്ക് വിദ്യാര്‍ഥിനികള്‍ മത്സരിക്കുന്ന സാഹചര്യം എം.എസ്.എഫിലുണ്ടായി. ഫറൂഖ് കോളേജിന്‍റെ ആദ്യ ചെയര്പേഴ്സണായി മിന ഫര്‍സാന വന്നത് അതിന് ഉദാഹരണമാണ്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കാണ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ പൂര്‍ണ നിയന്ത്രണം. പ്രത്യേകമായി ഒരു ബൈലോ ഹരിതക്കില്ല. എട്ട് ജില്ലകളിലാണ് നിലവില്‍ കമ്മിറ്റികളുള്ളത്. എം.എസ്.എഫ് സംസ്ഥാന അധ്യക്ഷനായ പികെ നവാസിന്‍റെ വിവാദ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ സ്വരം ഉയര്‍ത്തിയ ഹരിതയെ വിവാദങ്ങള്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ പിരിച്ചുവിടാനുള്ള നീക്കമാണ് മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ലീഗിന്‍റെ അസാധാരാണ നടപടി വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സെപ്റ്റംബര്‍ എട്ടിനാണ് ഹരിത സംസ്ഥാന കമ്മിറ്റി മുസ്‍ലിം ലീഗ് പിരിച്ചുവിടുന്നത്. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലീഗിന്‍റെ വിശദാകരണം. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചെന്നും മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിതെന്നും ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതൃത്വം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് നേരത്തെ പി.എം.എ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഹരിതക്ക് മുസ്‌ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പ്രതികരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അച്ചടക്കലംഘനം എന്ന പേരില്‍ ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ മുസ്‍ലിം ലീഗ് നേതൃത്വം തീരുമാനമെടുത്തത്.

അതേസമയം ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച നവാസിനെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ആഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് ഹരിതാ നേതാക്കളുടെ പരാതിയില്‍ കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലീസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്ത് അല്‍പസമയത്തിനകം തന്നെ നവാസിന് ജാമ്യം ലഭിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News