ഭക്ഷ്യസുരക്ഷാ പരിശോധന: 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

ജൂലൈ 31 വരെ മണ്‍സൂണ്‍ പരിശോധന തുടരും

Update: 2024-06-15 09:38 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പേരുകള്‍ ഏകീകൃതമാക്കിയതിന് ശേഷം വന്ന മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ആകെ 3044 പരിശോധനകള്‍ നടത്തി.

439 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 426 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 1820 സര്‍വൈലന്‍സ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ജൂലൈ 31 വരെ മണ്‍സൂണ്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാണ് പരിശോധനകള്‍ നടത്തുന്നത്. സ്ഥാപനങ്ങളിലെ ലൈസന്‍സും ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡും പ്രത്യേകം പരിശോധിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍, ലേല കേന്ദ്രങ്ങള്‍, ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നു. മത്സ്യം, മാംസം, പാല്‍, പലവ്യഞ്ജനം, പച്ചക്കറികള്‍, ഷവര്‍മ്മ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നുണ്ട്. എല്ലാ സര്‍ക്കിളുകളിലേയും ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനകളില്‍ പങ്കെടുത്തു വരുന്നു. മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയിലാണ് ശക്തിപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി.

കഴിഞ്ഞ മെയ് മാസം മാത്രം 25.77 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. സമഗ്രമായ പരിശോധനകള്‍ നടത്താൻ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും. വീഴ്ചകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News