നവകേരള സദസ്സിൽ യൂട്യൂബറെ മർദിച്ച കേസിൽ 11 സി.പി.എം പ്രവർത്തകർ റിമാൻഡിൽ
മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്
മലപ്പുറം: അരീക്കോട് നവകേരള സദസ്സിനിടെ യൂട്യൂബര്‍ നിസാർ ബാബുവിനെ മർദിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർ റിമാൻഡിൽ. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ കെ. സാദിൽ, ഡി. വൈ എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.വി ശ്രീജേഷ് ,സി.പി.എം ഏരിയ കമ്മറ്റി അംഗം കെ. ജിനേഷ് അടക്കം 11 പേരാണ് റിമാന്‍റിലായത്. മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
കെട്ടിട പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതി നല്‍കാനായിരുന്നു അരീക്കോട് നവകേരള സദസ്സില്‍ നിസാര്‍ എത്തിയത്. യൂട്യൂബറായതുകൊണ്ട് കുറച്ചാളുകള്‍ സെല്‍ഫി എടുക്കാനെത്തി. ഈ സമയത്താണ് ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞ് യൂട്യൂബറെ കയ്യേറ്റം ചെയ്യുകയും അവിടെ നിന്നും പുറത്താക്കുകയും ചെയ്തു. നിസാറിന് കയ്യിലുണ്ടായിരുന്ന വില കൂടിയ ഫോണും മൈക്കും അക്രമികള്‍ കൈവശപ്പെടുത്തി.
ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കായി അരീക്കോട് പൊലീസ് സ്റ്റേഷനിലേക്ക് നിസാറിനെ വിളിച്ചു വരുത്തിയിരുന്നു. ഇവിടെ വച്ച് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് നിസാറിന്‍റെ ആരോപണം. മുഖത്തും വയറ്റിലും നെഞ്ചിലുമെല്ലാം മര്‍ദിച്ചെന്നും പരാതിയിലുണ്ടായിരുന്നു.