അനുമതിയില്ലാതെ സിപിഎമ്മിന് കൂടുതല്‍ അംഗങ്ങള്‍; കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് ഉപസമിതിയിൽനിന്ന് ലീഗ് അംഗം രാജിവച്ചു
ഡോ. റഷീദ് അഹമ്മദാണ് രാജി നൽകിയത്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് ഉപസമിതിയിൽനിന്ന് ലീഗ് അംഗം രാജിവച്ചു. ഡോ. റഷീദ് അഹമ്മദാണ് രാജി നൽകിയത്. സിൻഡിക്കേറ്റ്-സെനറ്റ് തർക്കത്തിൽ രൂപീകരിച്ച ഉപസമിതിയിൽ സിപിഎം അംഗത്തെ അധികമായി ചേർത്തതിൽ പ്രതിഷേധിച്ചാണു നടപടി.
കഴിഞ്ഞ സിൻഡിക്കേറ്റിലും സെനറ്റിലും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി വെസ് ചാൻസലർ ഉപസമിതി രൂപീകരിച്ചു. വിസി നിശ്ചയിച്ച ആറംഗ ഉപസമിതിയിൽ ഒരു സിപിഎം അംഗത്തെ കൂടി അധികം ചേർക്കാൻ തീരുമാനിച്ചതാണ് രാജിക്ക് കാരണമെന്ന് റഷീദ് അഹമ്മദ് പറഞ്ഞു.
പ്രൊഫ. ടി മുഹമ്മദ് സലീമിനെയാണ് പുതിയ അംഗമായി ഉപസമിതിയിൽ ചേർത്തിട്ടുള്ളത്. സിൻഡിക്കേറ്റിന്റെ അനുമതി കൂടാതെയാണ് ഈ നടപടിയെന്നും റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി. സിൻഡിക്കേറ്റ് മിനുട്‌സിൽ തന്ത്രപരമായി കൃത്രിമം കാണിച്ചു. ഇതിനായി രജിസ്ട്രാറുടെ ഓഫീസിൽ ഗൂഢാലോചന നടന്നുവെന്നും സ്വാഭാവിക നടപടിക്രമങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Summary: Muslim League member resigns from Calicut University Syndicate sub-committee, alleging that more CPM members are being included without the proper approval