കട്ടപ്പനയിലെ സാബുവിന്‍റെ മരണം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വി.ആർ സജി, ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുന്നത്
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കട്ടപ്പന എഎസ്‍പി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സാബുവിൻ്റെ ആത്മഹത്യാകുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരുടെയും സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വി.ആർ സജിയുടെയും മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുന്നത്. സാബുവിൻ്റെ ഭാര്യയുടെയും സുഹൃത്തുക്കളിൽ ചിലരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സൈബർ സെല്ലിന്‍റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സാബുവിന്‍റെ മൊബൈലും ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. തെളിവുകൾ ലഭിച്ചാൽ കേസിൽ ആത്മഹത്യാ പ്രേരണാകുറ്റവും ചുമത്തും.
കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ ഇന്ന് പ്രതിരോധ സദസ് നടക്കുന്നുണ്ട്.
Summary: Special team begins investigation into Sabu's suicide in Idukki's Kattappana