മുന്നാക്ക സംവരണ കേസ് 11 അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സമസ്ത
ഒമ്പതംഗ ബെഞ്ചിന്റെ വിധിയെ മറികടക്കാൻ അഞ്ചംഗ ബെഞ്ചിന് കഴിയില്ല. സംവരണം 50 ശതമാനമാക്കി നിജപ്പെടുത്തിയത് ഒമ്പതംഗ ബെഞ്ചാണെന്നും സമസ്തയുടെ അഭിഭാഷകൻ സുൽഫിക്കർ അലി മീഡിയവണിനോട് പറഞ്ഞു.
ന്യൂഡൽഹി: മുന്നാക്ക സംവരണകേസ് 11 അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ഒമ്പതംഗ ബെഞ്ചിന്റെ വിധിയെ മറികടക്കാൻ അഞ്ചംഗ ബെഞ്ചിന് കഴിയില്ല. സംവരണം 50 ശതമാനമാക്കി നിജപ്പെടുത്തിയത് ഒമ്പതംഗ ബെഞ്ചാണെന്നും സമസ്തയുടെ അഭിഭാഷകൻ സുൽഫിക്കർ അലി മീഡിയവണിനോട് പറഞ്ഞു.
മൊത്തം സീറ്റുകളുടെ 50 ശതമാനത്തിൽ കൂടുതൽ സംവരണം പോകാൻ പാടില്ലെന്നാണ് 1992ലെ ഇന്ദിര സാഹ്നി കേസിൽ സുപ്രിംകോടതി പറഞ്ഞത്. എന്നാൽ 10 ശതമാനം സാമ്പത്തിക സംവരണം വന്നതോടെ പല സംസ്ഥാനങ്ങളിലും ഈ പരിധി കടക്കുന്നുണ്ട്. സാമ്പത്തിക സംവരണത്തിനെതിരായ ഹരജി പരിഗണിച്ച ബെഞ്ചിന് മുന്നിൽ ഇക്കാര്യം അഭിഭാഷകർ ചൂണ്ടിക്കാണിച്ചപ്പോൾ സാമ്പത്തിക സംവരണത്തിൽ ഇത് ബാധകമല്ലെന്നാണ് ജസ്റ്റിസ് ബേലാ എം ത്രിവേദി അടക്കമുള്ളവർ പറഞ്ഞത്.
കേസിൽ റിവ്യൂ ഹരജി നൽകുമെന്ന് സമസ്ത ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. റിവ്യൂ ഹരജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും സമസ്ത ആവശ്യപ്പെടും. ഇന്നലെയാണ് മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രിംകോടതി ശരിവെച്ചത്.