മകളെ കണ്ടിട്ട് 12 വര്‍ഷം; നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി

ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി

Update: 2024-04-24 05:11 GMT
Editor : Jaisy Thomas | By : Web Desk

പ്രേമകുമാരി/നിമിഷപ്രിയ

Advertising

തിരുവനന്തപുരം: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി . ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി . 12 വർഷങ്ങൾക്ക് ശേഷമാണ് നിമിഷയെ അമ്മ കാണുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം ഉണ്ട്.പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്‌ക്കെതിരേയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു.

മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ പറഞ്ഞത്. യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.


Full Viewl


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News