13കാരനെ ലൈംഗിക പീഡനത്തിരയാക്കിയത് നിരവധി തവണ: മദ്രസാ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഈ ചാനലിലൂടെ ഇയാളുടെ മതപ്രഭാഷണം പിന്തുടരുന്നത്.
മലപ്പുറം: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വഴിക്കടവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ പീഡനം സഹിക്കവയ്യാതെ തന്റെ സ്‌കൂൾ ടീച്ചറോടാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന്, ടീച്ചർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രതിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. മതപഠനത്തിന് ശേഷം ബാഖവി ബിരുദം നേടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഈ ചാനലിലൂടെ ഇയാളുടെ മതപ്രഭാഷണം പിന്തുടരുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.