മാസങ്ങളായി ശമ്പളമില്ലാതെ അട്ടപ്പാടിയിലെ 140 ആരോഗ്യപ്രവര്‍ത്തകര്‍
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിയമിച്ച 140 താല്‍ക്കാലിക ജീവനക്കാരാണ് മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് .
അട്ടപ്പാടിയിൽ മാസങ്ങളായി ശമ്പളമില്ലാതെ ആരോഗ്യപ്രവർത്തകർ. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിയമിച്ച 140 താല്‍ക്കാലിക ജീവനക്കാരാണ് മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് . ഇവർക്ക് അവസാന ശമ്പളം കിട്ടിയത് ഏപ്രിൽ മാസത്തിലാണ്.
ആശുപത്രിക്ക് സാമ്പത്തിക പരാധീനതയെന്നാണ് അധികൃതരുടെ വിശദീകരണം. ശമ്പളം നല്‍കാന്‍ പ്രതിമാസം 20 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് ആശുപത്രി സൂപ്രണ്ട് കത്ത് നല്‍കി.
സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യപുരോഗതി ലക്ഷ്യമാക്കി തുടങ്ങിയ ആശുപത്രിയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രി. ഇവിടെ ചികിത്സക്കെത്തുന്നവരില്‍ ഏറെയും ആദിവാസി വിഭാഗങ്ങളില്‍പെട്ടവരാണ്. താല്‍ക്കാലിക ജീവനക്കാരില്‍ അധികവും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. നേരത്തെ ശമ്പളം നല്‍കിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ശമ്പളം മുടങ്ങുകയായിരുന്നു.
നാലു കൊല്ലം മുമ്പാണ് ആശുപത്രിയിൽ 100 കിടക്കകൾ അധികമായി സജ്ജീകരിച്ചത്. ഇതോടെ 170 കിടക്കകളുള്ള ആശുപത്രിയായി കോട്ടത്തറ മാറി. പക്ഷേ ആശുപത്രിയില്‍ തുടരുന്നത് 54 കിടക്കകള്‍ക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേണാണ്.