എം.ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകൾ കാണാതായി

ബാർകോഡും ഹോളോഗ്രാമും വിസിയുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷ ഭവനിൽ നിന്ന് കാണാതായത്

Update: 2023-06-21 07:42 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: എം ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകൾ കാണാതായി. ബാർകോഡും ഹോളോഗ്രാമും വൈസ് ചാൻസിലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷ ഭവനിൽ നിന്ന് കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും..

100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് കാണാതായത്. പരീക്ഷ ഭവനിലെ പി ഡി 5 സെക്ഷനിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും.സംഭവത്തിൽ സർവകലാശാല പൊലീസിൽ പരാതി നൽകിയിട്ടില്ല. സര്‍ട്ടിഫിക്കറ്റ് കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. ജീവനക്കാരുടെ അടുത്ത് നിന്ന് വിവരങ്ങളടക്കം തേടുന്നുണ്ട്.  ഇതിന് ശേഷമാകും പൊലീസില്‍ പരാതി നല്‍കുക.

അതീവ സുരക്ഷാ മേഖലയായ പരീക്ഷ ഭവനിൽ നിന്നാണ് 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിരിക്കുന്നത്. പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ തന്നെ കാണാതായതിൽ ദുരൂഹതയുണ്ട്. അന്വേഷണത്തിനായി പരീക്ഷ കൺട്രോളറെ വൈസ് ചാൻസലർ ചുമതലപ്പെടുത്തി. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോർട്ട് വിസിക്കും റജിസ്ട്രാർക്കും കൈമാറിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ സർവകലാശാലയ്ക്ക് പുറത്തു പോയതായും സംശയിക്കുന്നുണ്ട്.

പിഡി 4,5 സെക്ഷനുകളിൽ നിന്നാണ് സർട്ടിഫിക്കറ്റ് കാണാതായത്. മറ്റു സെക്ഷനുകളിൽ നിന്നും പരീക്ഷ കൺട്രോളർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാലു ദിവസങ്ങൾക്കു മുൻപാണ് സർട്ടിഫിക്കറ്റുകൾ കാണാതായതായി മനസ്സിലാവുന്നത്.  വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതികള്‍ നിലനില്‍ക്കുന്ന സമയത്താണ് എം ജി സർവകലാശാലയിൽ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ വിവരം പുറത്ത് വരുന്നത്. 


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News