മലപ്പുറത്ത് യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു
2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവുമാണ് നഷ്ടപ്പെട്ടത്
താനൂർ: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. ജില്ലയിലെ ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നത്. 2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവുമാണ് നഷ്ടപ്പെട്ടത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം താനൂരിനടുത്തുള്ള ഒഴൂരിലാണ് സംഭവം നടന്നത്. മഞ്ചേരിയിൽ സ്വർണം നൽകിയതിന് ശേഷം കോട്ടക്കലിലേക്ക് വരുന്നതിനിടെ താനൂരിൽ ഒരു പുതിയ സ്വർണക്കട തുടങ്ങുന്നുണ്ട് ഇവിടേക്ക് സ്വർണം വേണമെന്നാവശ്യപ്പെട്ട് ഒഴൂരിലേക്ക് വരാൻ അദ്ദേഹത്തോട് പറയുകയായിരുന്നു. അവിടെവെച്ച് ഇദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ട്‌പോവുകയും കൈയിലുണ്ടായിരുന്ന സ്വർണം മുഴുവൻ കവരുകയുമായിരുന്നു.
പ്രവീൺ സിങ് എന്നയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അഞ്ചംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.