നിറത്തിന്‍റെ പേരില്‍ അവഹേളനം; കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്‍റെ സംസ്കാരം ഇന്ന്
കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദിൽ രാവിലെ എട്ട് മണിക്കാണ് കബറടക്കം
മലപ്പുറം: കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദിൽ രാവിലെ എട്ട് മണിക്കാണ് കബറടക്കം. നിറത്തിന്‍റെ പേരിൽ ഭർത്താവിൽ നിന്ന് നിരന്തരം നേരിട്ട അവഹേളനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഏഴ് മാസം മുമ്പാണ് ഷഹാനയും മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും തമ്മിൽ വിവാഹം കഴിഞ്ഞത്. ഇന്നലെ രാവിലെയാണ് കൊണ്ടോട്ടിയിലെ വീട്ടിൽ ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊണ്ടോട്ടി ഗവ.കോളജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയാണ് ഷഹാന. വിവാഹത്തിന് പിന്നാലെ ഭർത്താവ് നിറത്തിന്‍റെ പേരിൽ പെൺകുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.ഭർതൃമാതാവും അവഹേളിച്ചു. ഇതിൽ മനം നൊന്താണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.ഭർത്താവ് അബ്ദുൽ വാഹിദ് വിദേശത്താണ്.