കഞ്ചിക്കോട് കാർ തടഞ്ഞ് നാലര കോടിയിലധികം രൂപ കൊള്ളയടിച്ച കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റിൽ
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി
പാലക്കാട്: കഞ്ചിക്കോട് കാർ തടഞ്ഞ് പണം തട്ടിയ കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. തൃശൂർ കോടാലി സ്വദേശികളായ അരുൺ , അജയ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
ദിവസങ്ങൾക്ക് മുൻപാണ് കഞ്ചിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ സ്വദേശികളുടെ കാർ തടഞ്ഞു നിർത്തി നാലര കോടിയിലധികം രൂപ കൊള്ളയടിച്ചത്. 15 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇതിൽ മുഖ്യ പ്രതി അസീസ് ഉൾപ്പടെ മൂന്നു പേരെ പൊലീസ് പിടികൂടിയിരുന്നു. കവർച്ചക്ക് ഉപയോഗിച്ച ടിപ്പറിന്റെ ഡ്രൈവർ സന്തോഷ് നേരിട്ടെത്തി കോടതിയിൽ കീഴടങ്ങി.
പിന്നാലെയാണ് തൃശൂർ സ്വദേശികളായ അരുൺ , അജയ് എന്നിവരും അറസ്റ്റിലാകുന്നത്. കൊള്ളയിൽ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. ദേശീയ പാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ടിപ്പർ കുറുകെ നിർത്തി രണ്ട് കാറുകളിൽ എത്തിയ സംഘം സിനിമാ സ്റ്റൈലിലാണ് പണം തട്ടിയത്. ഇവർ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഈ കാറ് പൊലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം, ഇവർ തട്ടിയ പണത്തിന്റെ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.