ചെന്നൈയില്‍ ഉറങ്ങിക്കിടന്ന അമ്മയെയും സഹോദരനെയും 20കാരന്‍ കഴുത്തറുത്തു കൊന്നു

അനാഥനാകരുതെന്നു കരുതിയാണ് സഹോദരനെ കൊന്നതെന്ന് നിതീഷ് പൊലീസിനോട് പറഞ്ഞു

Update: 2024-06-23 09:06 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊന്ന് 20കാരന്‍. തമിഴ്‌നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്.

പദ്മ(45), മകന്‍ സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ നിതീഷിനെ(20) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു നിതീഷ് ചെയ്തത്.

തൊട്ടടുത്ത ദിവസം അയല്‍പക്കത്ത് താമസിക്കുന്ന അമ്മായി മഹാലക്ഷ്മിക്ക് നിതീഷ് അയച്ച് മെസേജില്‍നിന്നാണു കൊലപാതക വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണും വീടിന്റെ ചാവിയും അടങ്ങുന്ന ബാഗ് അടുക്കളയില്‍ വച്ചിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശം. ഏറെ വൈകി മെസേജ് കണ്ട മഹാലക്ഷ്മി ഉടന്‍ പദ്മയുടെ വീട്ടിലെത്തിയപ്പോള്‍ നിലത്ത് രക്തം തളംകെട്ടിക്കിടക്കുന്നതാണു ശ്രദ്ധിച്ചത്.

കൂടുതല്‍ പരിശോധിച്ചപ്പോഴാണ് പദ്മയുടെയും സഞ്ജയ്‌യുടെയും മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്. ഉടന്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിതീഷിനെ തിരുവോത്രിയൂരിലെ ബീച്ചിന്റെ പരിസരത്തുനിന്നു പിടികൂടിയത്.

അക്ക്യൂപങ്ചര്‍ തെറാപിസ്റ്റായ പദ്മയുടെ ഭര്‍ത്താവ് മുരുഗന്‍ ഒമാനില്‍ ക്രെയിന്‍ ഓപറേറ്ററാണ്. കൊല്ലപ്പെട്ട സഞ്ജയ് തിരുവോത്രിയൂരിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്. സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ചൂടായതും അമ്മയുടെ കര്‍ക്കശമായ സ്വഭാവവുമാണ് കൃത്യത്തിലേക്കു നയിച്ചതെന്നാണ് ചോദ്യംചെയ്യലില്‍ നിതീഷ് പൊലീസിനു മൊഴിനല്‍കിയത്. അനാഥനാകരുതെന്നു കരുതിയാണ് സഹോദരനെ കൊന്നതെന്നും ഇയാള്‍ പറഞ്ഞു.

കൃത്യത്തിനുശേഷം കടലില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവച്ചോ ജീവനൊടുക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍, അടുത്ത ദിവസം കൊലപാതകത്തെ കുറിച്ചു പത്രങ്ങളിലൊന്നും വാര്‍ത്ത കാണാത്തതിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്നായിരുന്നു മഹാലക്ഷ്മിക്ക് മെസേജ് അയയ്ക്കുന്നത്.

ചെന്നൈയിലെ വേളാച്ചേരിയിലെ ഒരു കോളജില്‍ ബി.എസ്‌സി ഡാറ്റ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിതീഷ്. രണ്ടു മാസം മുന്‍പ് നിതീഷ് വീടുവിട്ടിറങ്ങിയിരുന്നു. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു തിരിച്ചെത്തുകയായിരുന്നു.

Summary: 20-year-old murders mother, younger brother at home in Chennai

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News