200 കോടിയുടെ കുടിശ്ശിക; സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ നിര്‍ത്തുന്നു

മൂന്ന് മാസമായി പല ആശുപത്രികൾക്കും പണം ലഭിച്ചിട്ടില്ല.

Update: 2021-11-18 05:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്വകാര്യ ആശുപത്രികൾ കേരള ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യ മുഖേനയുള്ള ചികിത്സ നിർത്തുന്നു. 200 കോടി രൂപ സർക്കാർ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. മൂന്ന് മാസമായി പല ആശുപത്രികൾക്കും പണം ലഭിച്ചിട്ടില്ല. കാരുണ്യ മുഖേനയുള്ള ചിക്തിസ നിർത്തുന്നുവെന്ന് കാണിച്ച് ആശുപത്രികള്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. 412 സ്വകാര്യ ആശുപത്രികളിലാണ് കാരുണ്യ പദ്ധതിയിൽ നിലവിൽ ഉള്ളത്.

കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ജനറൽ വാർഡ്, തീവ്ര പരിചരണ വാർഡ് എന്നിവിടങ്ങളിൽ കിടത്തിയുള്ള ചികിത്സകൾക്കാണ് ആനുകൂല്യം. കിടത്തി ചികിത്സ, മരുന്ന്, പരിശോധന തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മൂന്ന് ദിവസം മുൻപും വിടുതൽ ചെയ്തശേഷം 15 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകൾ, മരുന്നുകൾ എന്നിവയും സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകൾ, ആവശ്യമായ മരുന്നുകൾ, വേണ്ടി വരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകൾ എന്നിവയെല്ലാം ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. ഡയാലിസിസ്, റേഡിയേഷൻ, കീമോതെറാപ്പി, കണ്ണു സംബന്ധമായ അസുഖങ്ങൾ തുടങ്ങി കിടത്തി ചികിത്‌സയില്ലാത്തവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News