ലീഗ് നോമിനി ചെയര്‍മാനായ വഖഫ് ബോര്‍ഡിനെതിരെ എപി വിഭാഗം
മുസ്ലിം ലീഗ് നോമിനി ചെയര്‍മാനായ സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ പ്രക്ഷോഭ സമരവുമായി എ പി വിഭാഗം സുന്നികള്‍ രംഗത്ത്.
മുസ്ലിം ലീഗ് നോമിനി ചെയര്‍മാനായ സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ പ്രക്ഷോഭ സമരവുമായി എ പി വിഭാഗം സുന്നികള്‍ രംഗത്ത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വഖഫ് ബോര്‍ഡ് പക്ഷപാതപരമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പരാതി.
തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് വഖഫ് ബോര്‍ഡിനെതിരെ സമരം പ്രഖ്യാപിച്ചത് സംഘടനയുടെ യുഡിഎഫ് വിരുദ്ധ നിലപാടിന്റെ കൂടി ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് എ പി വിഭാഗത്തിനെതിരെ പക്ഷപാതപരമായി തീര്‍പ്പുകള്‍ എടുക്കുന്നുവെന്നാണ് ആക്ഷേപം. മലബാറിലെ ഏതാനും മസ്ജിദുകളുടെ നിയന്ത്രണം സംബന്ധിച്ച് എപി - ഇകെ വിഭാഗം സുന്നികള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ വഖഫ് ബോര്‍ഡ് കക്ഷി ചേരുകയാണ്. വഖഫിന്റെ ചുമതലയുള്ള മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വിഷയം അറിയിച്ചിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് എ പി വിഭാഗം നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ പിന്തുണക്കാനാണ് എ പി വിഭാഗം സുന്നികളുടെ രഹസ്യ തീരുമാനം. സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെയുള്ള സമരത്തിന് അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രാധാന്യം കൈവരികയാണ്.