കളമശ്ശേരിയില്‍ ഇത്തവണ വാശിയേറിയ മത്സരം
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ മാറിമാറി പിന്തുണച്ചതാണ് കളമശേരിയുടെ ചരിത്രം
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമായ കളമശേരിയില്‍ ഇത്തവണ നടക്കുന്നത് വാശിയേറിയ മത്സരം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ മാറിമാറി പിന്തുണച്ചതാണ് കളമശേരിയുടെ ചരിത്രം. തദ്ദേശ സ്ഥാപനങ്ങളില്‍ ഇടത് പക്ഷത്തിനാണ് മേധാവിത്വം.
വ്യവസായശാലകള്‍ നിരവധിയായുള്ള കളമശേരി ,ഏലൂര്‍ മുനിസിപ്പാലിറ്റികള്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാലൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കളമശേരി മണ്ഡലം. 2008 ലാണ് മണ്ഡലം രൂപീകൃതമായി. 2011 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ വികെ ഇബ്രഹിംകുഞ്ഞ് 7789 വോട്ടിന് സിപിഎമ്മിലെ കെ ചന്ദ്രന്‍പിള്ളയെ പരാജയപ്പെടുത്തി. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി സിന്ധു ജോയി 4399 വോട്ടിന്റെ ലീഡ് നേടി. 2014 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി തോമസ് 8658 വോട്ടിന്റെ ലീഡ് നേടി മണ്ഡലം തിരിച്ചുപിടിച്ചു. സിപിഎമ്മിലെ എ.എം യൂസഫാണ് ഇക്കുറി എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. സിറ്റിംഗ് എംഎല്‍എ വി.കെ ഇബ്രാഹിംകുഞ്ഞ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
കളമശേരി മുനിസിപ്പാലിറ്റി കുന്നുകര പഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ ഏലൂര്‍ നഗരസഭ, ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍ പഞ്ചായത്തുകള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. കൊച്ചിയുടെ ഉപഗ്രഹ നഗരമെന്ന് വിശേഷണമുള്ള മണ്ഡലത്തില്‍ വികസന പ്രശ്നങ്ങള്‍ തന്നെയാവും മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ ആയുധം.