സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍
വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇരുവരും മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇരുവരും മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയം മുഖ്യ അജണ്ടയാക്കിയാണ് സിപിഎം നേതൃയോഗങ്ങള്‍ വിളിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന കമ്മിറ്റിയും യോഗം ചേരും. വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ നേതൃയോഗത്തോടെ അനിശ്ചിതത്വം നീങ്ങും. ഇരുവരെയും മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനും അനുകൂല നിലപാടാണ്. ഇവരെക്കൂടാതെ മുതിര്‍ന്ന നേതാക്കളില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ധാരണയാവും.
സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പകുതിയില്‍ കൂടുതല്‍ പേരെ മത്സര രംഗത്തിറക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മറ്റ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ജില്ലാഘടകങ്ങളോട് ആവശ്യപ്പെടും. ജില്ലാ നേതൃത്വം നിര്‍ദേശിക്കുന്ന പട്ടികയില്‍ നിന്നാകും സിപിഎം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുക. ഇതിനായി വരും ദിവസങ്ങളില്‍ തന്നെ ജില്ലാ കമ്മിറ്റികളും സെക്രട്ടേറിയറ്റും വിളിച്ചുചേര്‍ക്കും.