കേരളത്തിന്റെ മലനിരകളെ തുരന്നെടുത്ത് ക്വാറികള്‍
നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് ആയിരക്കണക്കിന് ക്രഷര്‍-ക്വാറി യൂണിറ്റുകളും അനുബന്ധ വ്യവസായങ്ങളുമാണ് പശ്ചിമഘട്ട മേഖലയിലും സമതല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമ ഘട്ടത്തെ തുരന്നെടുക്കുന്നത് ആയിരക്കണക്കിന് ക്വാറികളാണ്. നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് ആയിരക്കണക്കിന് ക്രഷര്‍-ക്വാറി യൂണിറ്റുകളും അനുബന്ധ വ്യവസായങ്ങളുമാണ് പശ്ചിമഘട്ട മേഖലയിലും സമതല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലവശേഷിക്കുന്ന മലനിരകളില്‍ നല്ലൊരു ഭാഗത്തെ തകര്‍ക്കുന്ന ക്വാറികള്‍ തുരന്നെടുക്കുന്നത് കേരളത്തിന്റെ സമൃദ്ധമായ നമ്മുടെ ആവാസ വ്യവസ്ഥയെത്തന്നെയാണ്.
ഇടതടവില്ലാത്ത സ്ഫോടന ശബ്ദം, ജെസിബിയുടെ മുരള്‍ച്ച, ചീറിപ്പായുന്ന ടിപ്പറുകള്‍, ഭയചകിതമാക്കുന്ന പ്രകന്പനം. അനിയന്ത്രിതമായ കരിങ്കല്‍ ഖനനം നാടിന്റെ ഉറക്കംകെടുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. വന്‍കിട യന്ത്രങ്ങളാണ് ഇവിടെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ ഹൃദയമായ മലനിരകളെ തുരന്നെടുക്കുന്ന ക്വാറികളില്‍ നിന്നുയരുന്ന പൊടിപടലങ്ങള്‍ മലകളെയും സസ്യജാലങ്ങളെയും പൊടികൊണ്ട് മൂടുന്നു. ചെങ്കുത്തായ മലനിരകളും പാറകളും വറ്റാത്ത ജലസ്രോതസ്സുമെല്ലാം വിസ്മൃതിയിലാകാന്‍ കാലമേറെ വേണ്ടിവരില്ല.
ക്വാറികളെക്കുറിച്ച് പഠനം നടത്തിയ നിയമസഭാ സമിതിയുടെ കണക്കുകള്‍ പ്രകാരം മുവായിരത്തോളം ക്വാറികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തന്നെ പകുതിയിലധികവും അനധികൃതമാണ്. പശ്ചിമഘട്ടത്തിലും പരിസ്ഥിതിലോല പ്രദേശങ്ങളിലുമാണ് ഇവയിലധികവും. 1700ലധികം അനധികൃത ക്വാറികളുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മൂവായിരത്തിലധികം വരുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിഗമനം. ക്വാറി
പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന പാറപ്പൊടി ചുറ്റുപാടും വ്യാപിക്കുന്നത് കൃഷി നാശത്തിനും ഉൽപ്പാദനകുറവിനും കാരണമാകുന്നു. അനധികൃത ക്വാറികള്ക്കെതിരായ ജനകീയ സമരങ്ങളെ ക്വാറി മാഫിയകള്‍ അധികൃതരുടെ പിന്തുണയോടെ ഇല്ലാതാക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ഇപ്പോഴും തുടരുന്ന അനേകം ജനകീയ സമരങ്ങളിലാണ് ഇനി പ്രതീക്ഷ.