വിജിലന്‍സിനെതിരെ പരസ്യ പരാതിയുമായി കെഎം എബ്രഹാം
തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി അപകീര്‍ത്തിപ്പെടുന്നതായാണ് ആക്ഷേപം.
വിജിലന്‍സിനെതിരെ വീണ്ടും പരസ്യ പരാതിയുമായി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം രംഗത്ത്. തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി അപകീര്‍ത്തിപ്പെടുന്നതായാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും കെഎം എബ്രഹാം കത്തയച്ചു.
മുബൈയിലെ ഫ്ലാറ്റില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് പറയുന്നത് വ്യാജമാണ്. തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കത്തില്‍ കെഎം എബ്രഹാം പറയുന്നു. നേരത്തെ കെഎം എബ്രഹാമിന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയതും വിവാദമായിരുന്നു. അന്ന് മുഖ്യമന്ത്രിക്ക് കെഎം എബ്രഹാം പരാതി നല്‍കിയിരുന്നു. അന്വേഷണങ്ങളോട് സഹകരിക്കാന്‍ തനിക്ക് മടിയില്ല. എന്നാല്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത് ശരിയല്ലെന്നും അദേഹം വ്യക്തമാക്കി.