ലോ അക്കാദമി ഭൂമി ഏറ്റെടുക്കാന്‍ റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമില്ല

Update: 2017-02-08 13:57 GMT
Editor : Sithara
ലോ അക്കാദമി ഭൂമി ഏറ്റെടുക്കാന്‍ റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമില്ല
Advertising

ലോ അക്കാദമി ഭൂമി സംബന്ധിച്ച് പഠിച്ച റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി

ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യു സെക്രട്ടറി റവന്യുമന്ത്രിക്ക് സമര്‍പ്പിച്ചു. ചെറിയ രീതിയിലുള്ള ചട്ടലംഘനം മാത്രം നടത്തിയെന്ന് പറയുന്ന റിപ്പോര്‍ട്ട് ഭൂമി എറ്റെടുക്കണമെന്ന നിര്‍ദേശിക്കുന്നില്ല. പുന്നന്‍ റോഡില്‍ ഫ്ലാറ്റ് നിര്‍മിച്ച സ്ഥലം
സര്‍ക്കാര്‍ ഭൂമിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ 11.49 ഏക്കര്‍ ഭൂമിയില്‍ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കേണ്ട രീതിയിലുള്ള വലിയ ചട്ടലംഘനമല്ലെന്നാണ് റവന്യുസെക്രട്ടറി പി എച് കുര്യന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്. കാമ്പസില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിപ്പിച്ചതും കോളജുമായി ബന്ധമില്ലാത്ത ഒരാള്‍ താമസിക്കുന്നതുമാണ് ചട്ടലംഘനം. നാരായണ നായറും ലക്ഷ്മി നായരും ഉള്‍പ്പെടെയുള്ളവരുടെ താമസം സ്ഥാപനവുമായി ബന്ധപ്പെട്ടതായതിനാല്‍ ചട്ടലംഘനമെന്ന് പറയാനാവില്ല. ഫ്ലാറ്റ് നിര്‍മിച്ച് വിറ്റ പുന്നന്‍ റോഡിലെ സ്ഥലം സര്‍ക്കാര്‍ ഭൂമി അല്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ലോ അക്കാദമി സ്വകാര്യ വ്യക്തിയില്‍ നിന്നാണ് ആ സ്ഥലം വാങ്ങിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

തഹസില്‍ദാറും ഡെപ്യൂട്ടി കളക്ടറുമാണ് ആദ്യ അന്വേഷണങ്ങള്‍ നടത്തിയത്. വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടാണ് ഇരുവരും നല്‍കിയത്. ഇത് സംബന്ധിച്ച തന്റെ നിഗമനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റവന്യു സെക്രട്ടറി ഇന്ന് റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു.

ലോ അക്കാദമി സമരത്തിന് മൂര്‍ച്ച കൂട്ടിയ സംഭവമാണ് അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി സംബന്ധിച്ച വിവാദം. ഭൂമി തിരിച്ച് പിടിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം സിപിഐയും വിഎസും ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News