തൃക്കാക്കരയില്‍ ക്രൈസ്തവ വോട്ടുകള്‍ വിധി നിര്‍ണയിക്കും

Update: 2017-02-21 09:20 GMT
Editor : admin
തൃക്കാക്കരയില്‍ ക്രൈസ്തവ വോട്ടുകള്‍ വിധി നിര്‍ണയിക്കും
Advertising

കേരളത്തിന്റെ ഐടി നഗരത്തില്‍ രണ്ടാം വട്ട വിജയത്തിനായുള്ള കഠിന പ്രവര്‍ത്തനത്തിലാണ് യുഡിഎഫ്.

Full View

കേരളത്തിന്റെ ഐടി നഗരത്തില്‍ രണ്ടാം വട്ട വിജയത്തിനായുള്ള കഠിന പ്രവര്‍ത്തനത്തിലാണ് യുഡിഎഫ്. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല മണ്ഡലമെന്ന ഖ്യാതിയുള്ളപ്പോഴും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ ക്രൈസ്തവ വോട്ടില്‍ കണ്ണുവെച്ചാണ് ഇരുമുന്നണികളുടെയും പ്രചാരണം മുന്നേറുന്നത്.

കോണ്‍ഗ്രസിന്റെ മുന്‍ എം പി പി ടി തോമസും എല്‍ഡിഎഫ് സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍പോളും തമ്മിലാണ് തൃക്കാക്കരയില്‍ പ്രധാന മത്സരം. 2011ല്‍ രൂപീകരിച്ച മണ്ഡലത്തിലെ കന്നിയങ്കത്തില്‍ തന്നെ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച മണ്ഡലം. സിറ്റിങ്ങ് എംഎല്‍എ ബെന്നി ബെഹനാന്‍ തന്നെ വീണ്ടും മത്സരിക്കുമെന്നായിരുന്നു യുഡിഎഫ് ക്യാമ്പിലുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിന്റെ അന്തിമപട്ടിക വന്നതോടെ ബെന്നി ബഹനാന്‍ പുറത്താവുകയും പകരം പി ടി തോമസ് എത്തുകയും ചെയ്തു. ഇത് മണ്ഡലത്തിലെ യുഡിഎഫിന്റെ തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു നേതൃത്വം. എന്നാല്‍ പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ പി ടി തോമസിനായി ബെന്നി ബെഹനാന്‍ തന്നെ സജീവമായി രംഗത്തുള്ളതാണ് യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നത്.

എല്‍ഡിഎഫിലും തൃക്കാക്കര സീറ്റ് സംബന്ധിച്ച് വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ദിനേശ് മണിയുടെ പേരായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ അവസാന നിമിഷം സെബാസ്റ്റ്യന്‍ പോളിന് നറുക്ക് വീഴുകയായിരുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉണ്ടായ പ്രതിഷേധം മറികടക്കാന്‍ പാര്‍ട്ടി ചിഹ്നത്തിലാണ് ഇക്കുറി സ്വതന്ത്രനായ സെബാസ്റ്റ്യന്‍പോളിനെ മത്സരിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

എന്‍ഡിഎ പൊതുവേ അപ്രസക്തമാണ് ഇവിടെ. ബിജെപിയുടെ സംസ്ഥാന ഭാരവാഹി എസ് സജിയാണ് ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി. ഭൂരിപക്ഷം വരുന്ന ക്രൈസ്തവ വോട്ടുകള്‍ തന്നെയാകും ഇവിടുത്തെ വിജയിയെ തീരുമാനിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News