പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനം കേരളത്തില്‍ സാധ്യമോ?
പരിസ്ഥിതിയെ മറന്ന് സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ സമീപകാലത്ത് കേരളം കണ്ട ജനകീയ പ്രതിഷേധങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നുറപ്പ്.
വനത്തിലെ ജീവിതത്തിനു നേരെയുള്ള കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ഊര്‍ജിതമായ പരിശ്രമം വേണമെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് വീണ്ടുമൊരു പരിസ്ഥിതി ദിനം വന്നെത്തുന്നത്. കേരളത്തില്‍ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതു സര്‍ക്കാറിന്റെ നടപടികളെ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.
പരിസ്ഥിതിയിലൂന്നിയ വികസനമെന്ന വാഗ്ദാനത്തോടെയാണ് കേരളത്തില്‍ പുതിയൊരു സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ സര്‍ക്കാറിന്റെ ആദ്യ പരിസ്ഥിതി വിവാദം തന്നെ കേരളീയരെ നിരാശരാക്കി.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ അനുകൂലിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കൊപ്പം തന്നെ പരിസ്ഥിതി സ്നേഹികളുടെ എതിര്‍പ്പുമുയര്‍ന്നു. ജൈവവൈവിധ്യകലവറയായ അതിരപ്പള്ളിയെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് കഴിയുമോ? ആശങ്കകള്‍ അതിരപ്പിള്ളിയില്‍ ഒതുങ്ങുന്നില്ല.
ഗാഡ്കില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഇടതുസര്‍ക്കാര്‍ ആരുടെ പക്ഷത്ത് നില്‍ക്കും? ഗാഡ്ഗില്‍ വിരുദ്ധ സമര മുന്നണിയോട് അനുഭാവം പുലര്‍ത്തുന്ന നിലപാടുകള്‍ ഇടതുമുന്നണി തിരുത്തുമോ?
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ശ്രമിക്കുമോ? പ്രകൃതിയെ കാര്‍ന്ന് തിന്നുന്ന ക്വാറി മാഫിയയെ നിലയ്ക്ക് നിര്‍ത്തുമോ?
സമൃദ്ധമായിരുന്ന നമ്മുടെ നദികളെ നശിപ്പിക്കുന്ന മണല്‍ മാഫിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിനാകുമോ?
ചോദ്യങ്ങള്‍ നിരവധിയാണ്... പരിസ്ഥിതിയെ മറന്ന് സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ സമീപകാലത്ത് കേരളം കണ്ട ജനകീയ പ്രതിഷേധങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നുറപ്പ്.