സക്കീര്‍ ഹുസൈനും ജയന്തനുമെതിരായ കൂടുതല്‍ നടപടികള്‍ സിപിഎം ചര്‍ച്ച ചെയ്യും

Update: 2017-03-04 09:57 GMT
Editor : Sithara
സക്കീര്‍ ഹുസൈനും ജയന്തനുമെതിരായ കൂടുതല്‍ നടപടികള്‍ സിപിഎം ചര്‍ച്ച ചെയ്യും
Advertising

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഗുണ്ടാബന്ധത്തിന്റെ പേരില്‍ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ സക്കീര്‍ ഹുസൈനെതിരെ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും. വടക്കാഞ്ചേരിയില്‍ കൗണ്‍സിലര്‍ ജയന്തന്‍ സ്ത്രീ പീഡന കേസില്‍ ഉള്‍പ്പെട്ടതും ചര്‍ച്ചയ്ക്കു വരും.

ഏരിയാ സെക്രട്ടറിയുടെ ഗുണ്ടാ ബന്ധവും കൌണ്‍സിലര്‍ക്കെതിരായ ബലാത്സംഗ ആരോപണവും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം. സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ജില്ലാ കമ്മിറ്റിയംഗമായി തുടരാന്‍ അനുവദിച്ചിട്ടുണ്ട്. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് കൂടിയായ ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനോടാണ് ആവശ്യപ്പെട്ടത്. ജില്ലാകമ്മിറ്റി അംഗത്തിനെതിരായ അന്വേഷണം സംസ്ഥാന സെക്രട്ടേറിയറ്റിനെ ഏല്‍പിക്കുന്നത് അപൂര്‍വ്വമായ നടപടിയാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ജയന്തനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൗണ്‍സിലര്‍ സ്ഥാനത്ത് നിലനിര്‍ത്തണോ എന്ന കാര്യവും ഇന്ന് ചര്‍ച്ചക്ക് വരും. ജയന്തന്റെ രാജി ആവശ്യപ്പെടേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

സംഭവത്തില്‍ ഇരയുടെ പേര് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പരസ്യമാക്കിയതും വിവാദമായിട്ടുണ്ട്. പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമായ രണ്ട് വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിര്‍ണായകമാവുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News