തന്‍റെ നിലപാട് പ്രശ്നാധിഷ്ഠിതം; തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍ഡ്: സുധീരന്‍
തന്‍റെ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചതെന്നും സുധീരന്‍
തെരഞ്ഞെടുപ്പില്‍ ജനപിന്തുണ ഉറപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ നേതൃത്വത്തിന്‍രെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. തന്‍റെ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. അത് വ്യക്തിവിരോധം കൊണ്ടല്ല. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. അന്തിമ തീരുമാനം ഹൈകമാന്‍ഡ് എടുക്കും. യുക്തിപരമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. സ്ഥാനാര്‍ഥി പട്ടിക എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം. പട്ടിക വരുമ്പോള്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ വിയോജിപ്പുള്ളവരും ഹൈകമാന്‍ഡ് തീരുമാനം അംഗീകരിക്കണം. വിയോജിപ്പ് മറന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും സുധീരന്‍ പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. സ്ഥാനാര്‍ഥി നിര്‍ണയം ജനാധിപത്യപരമായിരുന്നു. പരമാവധി മികച്ച പട്ടികയാണ് തയ്യാറാക്കിയത്. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടി എന്‍ പ്രതാപന്‍ കയ്പമംഗലത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു എന്ന പ്രചരണം ശരിയല്ല. രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. മത്സരിക്കാനില്ലെന്നാണ് പ്രതാപന്‍ ആവര്‍ത്തിച്ചതെന്നും സുധീരന്‍ പറഞ്ഞു.