ശശിധരനെ അഡീഷണല്‍ പിഎ ആക്കണമെന്ന് വിഎസ്; സാധ്യമല്ലെന്ന് പാര്‍ട്ടി
വികെ ശശിധരനെ അഡീഷണല്‍ പിഎ ആക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി തള്ളിയത്.
ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍റെ ശിപാര്‍ശ സിപിഎം തള്ളി. വി കെ ശശിധരന്‍, സന്തോഷ് എന്നിവരെ പേഴ്സണല്‍ സ്റ്റാഫില്‍ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
പാര്‍ട്ടി വിഭാഗീയതയെ തുടര്‍ന്ന് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചയാളാണ് വി കെ ശശിധരന്‍. ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനായി വിഎസിനെ നിയമിച്ച സാഹചര്യത്തില്‍ പേഴ്സണല്‍ സ്റ്റാഫില്‍ വി കെ ശശിധരനെ ഉൾപ്പെടുത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു. വിഎസ് തന്നെയാണ് ശശിധരനെ അഡീഷണല്‍ പിഎ ആയി ശിപാര്‍ശ ചെയ്തത്. എന്നാല്‍ പാര്‍ട്ടി ഇത് തള്ളുകയായിരുന്നു. അഡീഷണല്‍ സെക്രട്ടറി പദവിയില്‍ സേവനമനുഷ്ടിക്കുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരന്‍ സന്തോഷിനെയും ഉൾപ്പെടുത്തണമെന്ന വിഎസിന്‍റെ ആവശ്യവും പാര്‍ട്ടി അംഗീകരിച്ചില്ല. ശിപാര്‍ശ ഇടത് ജീവനക്കാരുടെ സംഘടനയും എതിര്‍ത്തതായാണ് വിവരം.
അതേസമയം കെ വി സുധാകരനെ അസിസ്റ്റന്‍റ് പേഴ്സണല്‍ സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം പാര്‍ട്ടി അംഗീകരിച്ചു. ഇതുൾപ്പെടെ 16 അംഗങ്ങളുടെ പേരുകളാണ് വിഎസ് ശിപാര്‍ശ ചെയ്തിരുന്നത്.