സ്ഥാനാര്‍ഥികളുടെ പ്രായം: സുധീരന്‍റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
പ്രായമായവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന സുധീരന്‍റെ പരാമര്‍ശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴുക്കുന്നു.
പ്രായമായവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന സുധീരന്‍റെ പരാമര്‍ശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴുക്കുന്നു. കെപിസിസി പ്രസിഡന്റിന് മറുപടിയുമായി കെ മുരളീധരന്‍ രംഗത്ത് വന്നു. പ്രായത്തിനല്ല ജയസാധ്യതക്കാണ് പരിഗണന നല്‍കേണ്ടതെന്ന അഭിപ്രായം തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയും പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നീണ്ടകാലം എംഎല്‍എയുമായ വിഎസ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുധീരനാണ് ആദ്യവെടിപൊട്ടിച്ചത്. സുധീരന്‍റെ പരാമര്‍ശം മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടിയെയും മറ്റ് മുതിര്‍ന്ന മന്ത്രിമാരേയും ഉന്നംവെച്ചാണെന്ന് എ, ഐ വിഭാഗങ്ങള്‍ വിലയിരുത്തി. തുടര്‍ന്നാണ് സ്വയം പ്രായമായെന്ന് തോന്നിയവര്‍ മാറി നില്‍ക്കട്ടെയെന്ന അഭിപ്രായം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പിന്നാലെയാണ് കെ മുരളീധരന്‍ സുധീരനെതിരെ ഒളിയമ്പ് എയ്തത്.
ടി എന്‍ പ്രതാപന്റെ വഴിയില്‍ സഞ്ചരിക്കാന്‍ താനില്ലെന്ന സന്ദേശമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ പ്രകടിപ്പിച്ചത്. ടി എന്‍ പ്രതാപന്റെ പിന്മാറ്റം ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുധീരനെതിരായ നീക്കങ്ങള്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും കടുപ്പിക്കുന്നത്.