കറുകുറ്റി ട്രെയിനപകടം: ഉന്നതതല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സെക്ഷന്‍ എഞ്ചിനീയര്‍ക്കെതിരെ വീണ്ടും നടപടിയുണ്ടായേക്കുമെന്നാണ്
കറുകുറ്റി അപകടത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സെക്ഷന്‍ എഞ്ചിനീയര്‍ക്കെതിരെ വീണ്ടും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മാസം 28 നാണ് കറുകുറ്റി റെയില്‍ പാളത്തില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റിയത്. അപകടം നടന്നതിന് ശേഷം ഒമ്പത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ദക്ഷിണ റെയില്‍വെ ചീഫ് എഞ്ചിനീയറുടെ നിര്‍ദേശം. എന്നാല്‍ വീണ്ടും 9 ദിവസം കഴിഞ്ഞാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വരിഷ്ഠ ജോഹ്‌രിക്ക് ദക്ഷിണ മേഖല ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസ് അധ്യക്ഷനായ നാലംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാളത്തില്‍ അപാകതകളുണ്ടെന്നറിഞ്ഞിട്ടും പാളം മാറ്റിയിടുവാനും വേഗം കുറയ്ക്കാനും സെക്ഷന്‍ എഞ്ചിനിയര്‍ നടപടി സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. സംഭവത്തില്‍ സസ്പെന്‍ഷനിലായ രാജു ഫ്രാന്‍സിസിനെതിരെ വീണ്ടും നടപടിയുണ്ടായേക്കും.
റിപ്പോര്‍ട്ട് ഈ ആഴ്ച തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് കൈമാറും. അതിന് ശേഷമാകും നടപടിയുണ്ടാവുക.
റെയില്‍വേ ചീഫ് സെക്യൂരിറ്റി ഓഫിസര്‍, ചീഫ് റോളിംഗ് സ്റ്റോക്ക് എഞ്ചിനിയര്‍, ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍, ചീഫ് ട്രാക്ക് എഞ്ചിനിയര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.