കാട്ടാന പേടിയില്‍ ഒരു ആദിവാസി ഗ്രാമം
കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ആന, കോളനിയിലെ ചന്ദ്രന്റെ വീടിന്റെ വാതിലും ജനാലകളും തകര്‍ത്തു
കാട്ടാനകളുടെ പേടിയില്‍ കഴിയുകയാണ് വയനാട്ടിലെ ഒരു ആദിവാസി ഗ്രാമം. രാവും പകലുമില്ലാതെ കാട്ടാനകള്‍ മേയുകയാണിവിടെ. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാന, തകര്‍ത്തത് വീടും നാല് ഷെഡുകളുമാണ്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് അരണമല കാട്ടുനായ്ക കോളനി. മേപ്പാടി ചൂരല്‍മല റോഡില്‍ നിന്നും ആറു കിലോമീറ്റര്‍ ഉള്ളിലായാണ് കോളനി. ഇവിടെയാണ് കാട്ടാനകള്‍ നിരന്തരമായി എത്തുന്നത്.
തീറ്റതേടിയെത്തുന്ന ആനകള്‍ കോളനിയിലെ കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ആന, കോളനിയിലെ ചന്ദ്രന്റെ വീടിന്റെ വാതിലും ജനാലകളും തകര്‍ത്തു. 65.75 ഹെക്ടര്‍ സ്ഥലത്തായി, ചെറിയ കുട്ടികളും സ്ത്രീകളും അടക്കം 48 കുടുംബങ്ങളാണ് കോളനിയില്‍ കഴിയുന്നത്.