സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഫണ്ട് ലഭിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്

Update: 2017-04-25 08:33 GMT
Editor : Subin
സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഫണ്ട് ലഭിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്
Advertising

ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകള്‍ മീഡിയാവണിന് ലഭിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും സാമൂഹിക പ്രതിബദ്ധതാ ഫണ്ട് നല്‍കിയവരിലേറെയും സ്വകാര്യ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ചെറിയ തുക ലഭിക്കുമ്പോള്‍ ഭീമമായ തുകയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

2011 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ 4 കോടി 32 ലക്ഷം രൂപയാണ് കെഎസ്എഫ്ഇ മൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് ചെലവഴിച്ചത്. 161 സ്ഥാപനങ്ങള്‍ക്കായി നല്‍കിയ ഈ തുകയില്‍ ഏറെയും ലഭിച്ചിരിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ്. അതില്‍ സിംഹഭാഗവും ക്രൈസ്തവ മാനേജ്‌മെന്റുകളുടെ സ്ഥാപനങ്ങള്‍ക്ക്.

പാലയിലെ മരിയ സദനം ചാരിറ്റബിള്‍ ട്രസ്റ്റിന് മുപ്പത് ലക്ഷം രൂപയാണ് കെഎസ്എഫ്ഇ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ വിക്ടറി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 16 ലക്ഷം രൂപയും കോട്ടയത്തെ ശാലോം ഡിസിഎംആറിന് 12 ലക്ഷവും നല്‍കി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കഴിഞ്ഞ 5 വര്‍ഷം ചെലവഴിച്ച മൂന്നേമുക്കാല്‍ ലക്ഷം രൂപയില്‍ 2 ലക്ഷം ലഭിച്ചിരിക്കുന്നത് കെയര്‍ പ്ലസ് എന്ന സ്വകാര്യ സ്ഥാപനത്തിന്.

വലിയ തുകകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുമ്പോള്‍ വളരെ ചെറിയ തുകയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. കെഎസ്എഫ്ഇ ചെലവഴിച്ച 4 കോടി 32 ലക്ഷം രൂപയില്‍ 3 കോടിയോളം രൂപ വിതരണം ചെയ്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന മാസങ്ങളിലാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള സ്താപനങ്ങളുടെ സേവനങ്ങളാണ് തുക നല്‍കുന്നതിന്റെ മാനദണ്ഡമെന്നാണ് കെഎസ്എഫ്ഇയും കെഎഫ്‌സിയും പറയുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News