സൌമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കി

Update: 2017-05-02 16:01 GMT
സൌമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കി
Advertising

സുപ്രീം കോടതി വിധിയില്‍ നിരവധി പിഴവുകളുണ്ടെന്ന് ഹരജിയില്‍ സര്‍ക്കാര്‍ അറിയിച്ചു.

Full View

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുനപ്പരിശോധന ഹരജി നല്‍കി. സുപ്രിം കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഹരജയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. സൌമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്ക് തന്നെയാണ് പങ്കെന്നും, കേസിലെ കീഴ്ക്കോടതി വിധി നിലനിര്‍ത്തണമെന്നും ഹരജിയില്‍ പറയുന്നു.

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കി ബലാത്സംഗക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് നിലനിര്‍ത്തിയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയുള്ള പുനപ്പരിശോധന ഹരജിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിച്ചത്. സുപ്രിം കോടതി ഉത്തരവില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സൌമ്യയുടെ മരണത്തിന്‍റെ ഉത്തരവാദി ഗോവിന്ദച്ചാമി അല്ല എന്ന് പറയുന്ന കോടതി സൌമ്യയെ ഗോവിന്ദച്ചാമി മാരകമായി പരിക്കേല്‍പ്പിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രണ്ടും പരസ്പരം ഒത്തുപോകുന്നതല്ലെന്നും, ഗോവിന്ദച്ചാമി ഏല്‍പ്പിച്ച മാരകമായ മുറിവുകളും സൌമ്യയുടെ മരണത്തിന് കാരണമാണെന്നും ഹരജിയില്‍ പറയുന്നു. സൌമ്യയെ അക്രമിക്കുമ്പോള്‍ കൊല്ലണമെന്ന ഉദ്ദേശം ഗോവിന്ദച്ചാമിക്ക് ഇല്ലെങ്കിലും കൊലക്കുറ്റം നിലനില്‍ക്കും. ഇത് ഐപിസി 300ാം വകുപ്പില്‍ വ്യക്തമായി പറയുന്നുണ്ടെന്നും, ഈ സാധ്യത കോടതി പരഗിണിച്ചില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി ആയിരിക്കും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാവുക.

Tags:    

Similar News