വിനയത്തിന്റെ മാതൃക കാട്ടി കേരളത്തിലും സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തി
ലിംഗവിവേചനത്തിനെതിരെ സഭ നല്‍കുന്ന സന്ദേശമാണ് ഈ ശുശ്രൂഷയെന്ന് ഫാദര്‍ ജോസ് വലിയകോടത്ത് പറഞ്ഞു
അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു.. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു. കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും ഇത്തവണ ഉള്‍പ്പെടുത്തി.
കുരിശുമരണത്തിന് മുന്‍പ് 12 ശിഷ്യന്‍മാര്‍ക്കൊപ്പം യേശുക്രിസ്തു അന്ത്യ അത്താഴം കഴിച്ചുവെന്ന വിശ്വാസത്തിന്റെ ഓര്‍മക്കായാണ് പെസഹാവ്യാഴം ആചരിക്കുന്നത്. കൊച്ചിയിലെ സെന്റ് മേരീസ് ബസേലിക്കയില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷക്ക് സീറോ മലബാര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. മാര്‍പ്പാപ്പയുടെ ആഹ്വാനത്തെ തുടര്‍ന്ന് കേരളത്തിലും കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി. എറണാകുളം ജില്ലയില്‍ സീറോമലബാര്‍ സഭക്ക് കീഴിലുള്ള ബ്ലസ്ഡ് സാറമല്‍ ചര്‍ച്ചിലാണ് സ്ത്രീകളുടെ കാല്‍ കഴുകിയത്.
ലിംഗവിവേചനത്തിനെതിരെ സഭ നല്‍കുന്ന സന്ദേശമാണ് ഈ ശുശ്രൂഷയെന്ന് ഫാദര്‍ ജോസ് വലിയകോടത്ത് പറഞ്ഞു. പട്ടം സെന്‍റ് മേരീസ് ചര്‍ച്ചിലെ ശുശ്രൂഷക്ക് കത്തോലിക ബാവ മാര്‍ ക്ലിമ്മിസ് ബാവ നേതൃത്വം നല്‍കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.