വിവാദമായ വാളകം കേസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് സസ്പെന്‍ഷന്‍

Update: 2017-05-02 21:09 GMT
Editor : admin
വിവാദമായ വാളകം കേസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് സസ്പെന്‍ഷന്‍
Advertising

കൃഷ്ണകുമാറിന്റേത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണെന്നാരോപിച്ചാണ് ആര്‍ ബാലകൃഷ്ണപിളള മനേജരായ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Full View

വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്‍ ആര്‍ കൃഷ്ണകുമാറിനെതിരെ സ്കൂള്‍ മാനേജ്മെന്റിന്റെ പ്രതികാരനടപടി. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ നിന്ന് കൃഷ്ണകുമാറിനെ സസ്പെന്‍ഡ് ചെയ്തു. അധ്യാപകന്റെ ബി എഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ചാണ് മാനേജ്മെന്റ് നടപടി. ബാലകൃഷ്ണപിള്ള തങ്ങളെ വേട്ടയാടുകയാണെന്ന് അധ്യാപകന്റെ കുടുംബം ആരോപിച്ചു.

ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വിവി എച്ച്എസ്എസിലെ അധ്യാപകനായ കൃഷ്ണകുമാറിനെ ജൂണ്‍ 2 നാണ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അധ്യാപകന്റെ ബി എഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ചാണ് മാനേജ്മെന്റ് നടപടി. ഒറീസ്സയിലെ ഉത്കല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് നേടിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് കേരളത്തില്‍ അംഗീകരിക്കപ്പെടില്ലെന്ന് സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ 2011ല്‍‌ കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഇഒ കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അധികാരം ലഭിച്ചതോടെ പിള്ള പ്രതികാരം ചെയ്യുകയാണെന്ന് അധ്യാപകന്റെ കുടുംബം ആരോപിച്ചു.

കൃഷ്ണകുമാറിന്റെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയുമായ ഗീതയെ കഴിഞ്ഞ 3 വര്‍ഷമായി മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരെ പ്രധാന അധ്യാപികയായി തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ മെയ് 12ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇത് പാലിക്കുവാനും മാനേജ്മെന്റ് തയ്യാറായിട്ടില്ല.

2011 സെപ്തംബര്‍ 27നാണ് അധ്യാപകനായ കൃഷ്ണകുമാര്‍ കൊട്ടാരക്കരക്ക് സമീപം വാളകത്ത് വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് ഭാര്യ കെ ആര്‍ ഗീത അന്ന് തന്നെ ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News