പെരുമാറ്റദൂഷ്യം: എസ്ഐ വിമോദിനെതിരെ അഭിഭാഷക നേതാവ്

Update: 2017-05-14 21:46 GMT
Editor : Alwyn K Jose
പെരുമാറ്റദൂഷ്യം: എസ്ഐ വിമോദിനെതിരെ അഭിഭാഷക നേതാവ്
Advertising

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കോഴിക്കോട് ടൌണ്‍ എസ്ഐ വിമോദിനെതിരെ ബാര്‍ഫെഡറേഷന്‍ പരസ്യമായി രംഗത്തെത്തി

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കോഴിക്കോട് ടൌണ്‍ എസ്ഐ വിമോദിനെതിരെ ബാര്‍ഫെഡറേഷന്‍ പരസ്യമായി രംഗത്തെത്തി. എസ്ഐയുടെ നടപടിയും സ്വഭാവവും മോശമാണെന്നറിഞ്ഞിട്ടും ബാര്‍ഫെഡറേഷന്റെ തീരുമാനപ്രകാരമായിരുന്നു വിമോദിനെ അനുകൂലിച്ചതെന്ന് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ എടത്തൊടി രാധാകൃഷ്ണന്‍ പറ‍ഞ്ഞു. കോഴിക്കോട് ബേപ്പൂരില്‍ ഡിവൈഎഫ്ഐ നടത്തിയ പലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാധാകൃഷ്ണന്റെ പരാമര്‍ശം‌.

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറികേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ടൌണ്‍ എസ്ഐ വിമോദിനെ സസ്പെന്‍റ് ചെയ്തിരുന്നു. ഇതിനെതിരെ വിമോദ് ഹൈക്കോടതിയെ സമീപിച്ച കേസില്‍ നിരവധി അഭിഭാഷകര്‍ വക്കാലത്തുമായി വിമോദിന് പിന്തുണയുമായെത്തിയിരുന്നു. ഇതേക്കുറിച്ചുളള പ്രസംഗത്തിനിടെയായിരുന്നു വിമോദിനെ പിന്തുണയ്ക്കാനുളള കാരണത്തെ കുറിച്ച് ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്റെ സ്വഭാവ ദൂഷ്യം നേരത്തെ തന്നെ അറിയാമായിരുന്നെന്നും അഭിഭാഷക സമൂഹത്തിന് വേണ്ടിയാണ് വിമോദിനെ കേസില്‍ പിന്തുണച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കോഴിക്കോട് യാതൊരു പ്രശ്നവുമില്ലാതിരിക്കെ ബാര്‍ അസോസിയേഷന്‍ വിമോദിനെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയിരുന്നു. അഭിഭാഷകരില്‍ ചിലരുടെ ഇടപ്പെടലുകള്‍ കേസില്‍ ഉണ്ടെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് അഭിഭാഷക നേതാവിന്റെ വാക്കുകളും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News