യൂറോയും പുഷ്യരാഗവും കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍
ആലുവ സ്വദേശികളായ കവിത, സുഭാഷ് എന്നിവരെ തട്ടിപ്പിന് ഇരയായ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആലുവ പോലീസാണ് പിടികൂടിയത്.
കോടികള്‍ വിലയുള്ള യൂറോയും പുഷ്യരാഗവും കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍. ആലുവ സ്വദേശികളായ കവിത, സുഭാഷ് എന്നിവരെ തട്ടിപ്പിന് ഇരയായ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആലുവ പോലീസാണ് പിടികൂടിയത്.
ആലുവ സ്വദേശിയായ സണ്ണിയെന്നയാളില്‍ നിന്നും ഏഴര കോടി രൂപ മൂല്യമുള്ള യൂറോ നല്‍കാമെന്ന് പറഞ്ഞ് ഈ ദമ്പതികള്‍ പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. ബാക്കി തുക നല്‍കുന്നതിന് മുന്‍പ് സണ്ണിയെ വിശ്വസിപ്പിക്കാന്‍ യൂറോയുടെ ഫോട്ടോസ്റ്റാറ്റ് അയച്ച് നല്‍കി. എന്നാല്‍ ഇതില്‍ സംശയം തോന്നിയ സണ്ണി വിദേശത്തുള്ള ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോതോടെ യൂറോ വ്യാജമാണെന്ന് മനസിലായി. ഇതോടെയാണ് ഇയാള്‍ ആലുവ പോലീസിനെ സമീപിച്ചത്. സുപ്രീംകോടതി അഭിഭാഷകയെന്ന് പരിചയപ്പെടുത്തിയാണ് കവിത തട്ടിപ്പിനായി ആളുകളെ സമീപിച്ചിരുന്നത്.
അതേസമയം കോടികള്‍ വിലമതിക്കുന്ന 20 കിലോ പുഷ്യരാഗം കൈവശം ഉണ്ടെന്നും, ഇത് വാങ്ങാന്‍ താല്പര്യമുള്ളവരെ കണ്ടെത്തി തരണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടതായും പോലീസിന് പാരാതി ലഭിച്ചിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്നും ഏതാനം പുഷ്യരാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൂട്ടുപ്രതിയായ വരദരാജന്‍ എന്നയാളെയും പോലീസ് തിരയുന്നുണ്ട്.