500,1000 നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ സ്വീകരിക്കും; മാറ്റിനല്‍കില്ല
സഹകരണ ബാങ്കുകള്‍ 500,1000 നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കും.
അസാധുവാക്കിയ 500,1000 രൂപകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും അനുമതി ലഭിച്ചു. അക്കൌണ്ടുളളവരില്‍ നിന്ന് നിക്ഷേപമായി സ്വീകരിക്കാനാണ് അനുമതി. പ്രാഥമിക സഹകരണ ബാങ്കുകളിലും ജില്ലാ ബാങ്കുകളിലും പണം സ്വീകരിക്കും. അതിനിടെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി.
വാണിജ്യ ബാങ്കുകളും പുതുതലമുറ ബാങ്കുകളും അസാധുവായ നോട്ടുകള്‍ സ്വീകരിച്ചു തുടങ്ങിയെങ്കിലും സഹകരണ ബാങ്കുകള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് അനുമതി ചോദിച്ചതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം വന്നത്.
നിലവില്‍ അക്കൌണ്ടുള്ളവര്‍ക്ക് 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം. 10000 രൂപ പരിധി വെച്ച് പിന്‍വലിക്കാനും കഴിയും. എന്നാല്‍ അക്കൌണ്ടില്ലാത്തവര്‍ക്ക് അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയില്ല. അതിനിടെ സഹകരണ ബാങ്കുകളിലെ പരിശോധന ആദായ നികുതി വകുപ്പ് തുടങ്ങി. ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടോ എന്നാണ് ആദായ നികുതി വകുപ്പ് നോക്കുന്നത്. പരിശോധനയില്‍ ആശങ്കയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.
അതേസമയം സഹകരണ ബാങ്കിന്‍റെ കൈയ്യിലുള്ള 500, 1000 നോട്ടുകള്‍ പൂര്‍ണമായി മാറ്റി നല്‍കാത്തതിനാല്‍ സഹകരണ ബാങ്കുകളിലെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ കാലതാസമുണ്ടാകുമെന്നാണ് കരുതുന്നത്.