സഹകരണ എഞ്ചിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകള്‍ വര്‍ധിപ്പിക്കും
50 ശതമാനത്തില്‍ നിന്ന് 60 ശതമാനമായാണ് വര്‍ധിപ്പിക്കുക
സംസ്ഥാനത്തെ സഹകരണ എഞ്ചിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമായാണ് വര്‍ധിപ്പിക്കുക. എന്‍ആര്‍ഐ ക്വാട്ട 5 ശതമാനമാക്കി കുറക്കുകയും ചെയ്യും. എം ടെക്കിന‍്റെ ഫീസ് കുറക്കാനും തീരുമാനിച്ചു. സഹകരണ എഞ്ചിനീയറിങ് കോളജുകളില്‍ അക്കാദമിക സ്വയംഭരണ ഏര്‍പ്പെടുത്തുമെന്നും സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിഷ്കരണം കൊണ്ടുവരുന്നതിന്‍റ ഭാഗമായുള്ള നടപടികളാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവന്തപുരത്ത് പ്രഖ്യാപിച്ചത്. സഹകരണമേഖലയിലുള്ള 9 എഞ്ചിനീയറിങ് കോളജുകളിലെ മെറ്റിറ്റ് സീറ്റ് 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കുന്നതോടെ 1100 വിദ്യാര്‍ഥികള്‍ക്ക് കൂടി മെറിറ്റില്‍ പ്രവേശനം ലഭിക്കും.
മാനേജ്മെന്‍റ് ക്വാട്ടയില്‍ 10 ശതമാനം സഹകരണ മേഖലയിലെ ജീവനക്കാരുടെ മക്കള്‍ക്കായി മാറ്റിവെക്കും. എം ടെക്ക് കോഴ്സിന്‍റെ ഫീസ് കുറക്കുമെന്നും മന്ത്രി അറിയിച്ചു. എത്ര ശതമാനമെന്ന് പിന്നീട് തീരുമാനിക്കും. കേപ്പിന് കീഴിലുള്ള കോളജുകളില്‍ അക്കാദമിക സ്വയംഭരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
വടക്കാഞ്ചേരി എഞ്ചിനീയറിങ് കോളജിന്‍റെ നിര്‍മാണം നിര്‍ത്തിവെക്കാനും അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഭൂമി കൈമാറാത്തത് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഉയര്‍ന്നതും വിദ്യാര്‍ഥികളുടെ കുറവുമാണ് തീരുമാനത്തിന് അടിസ്ഥാനം.