കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
ഡിസിസി പുനസംഘടനാ പട്ടികക്ക് അന്തിമ രൂപം ഇന്ന് ഉണ്ടായേക്കും.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് നടക്കും. ഡിസിസി പുനസംഘടനാ പട്ടികക്ക് അന്തിമ രൂപം ഇന്ന് ഉണ്ടായേക്കും. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് യോഗത്തില്‍ പങ്കെടുക്കും.
ഡിസിസി പുനസംഘടന സംബന്ധിച്ച കേരളത്തിലെ ചര്‍ച്ചകള്‍ക്ക് അന്തിമ രൂപം നല്‍കുകയാണ് ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയുടെ പ്രധാന ദൌത്യം. ഇന്നും നാളെയും കേരളത്തില്‍ തുടരുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയുമായി മടങ്ങുന്ന രീതിയുണ്ടാകണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പരമാവധി സമവായത്തിലെത്താനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. കെപിസിസി പ്രസിഡന്‍റിന്‍റെ നോമിനികള്‍ക്കും പട്ടികയില്‍ ഇടമുണ്ടാകും.
സമവായത്തിലെത്താന്‍ കഴിയാത്തിടത്ത് പാനല്‍ നല്‍കും. അതില്‍ ഹൈകമാന്‍ഡ് തീരുമാനമെടുക്കുന്ന രീതിയായിരിക്കും ഉണ്ടാവുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായെ പ്രചരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കിയേക്കും. എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബരിയ തുടങ്ങിയവര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് 4ന് കെപിസിസി ഓഫീസിലാണ് യോഗം.