വിഎസിന് താക്കീത്; സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കും

Update: 2017-05-27 23:19 GMT
Editor : Sithara
വിഎസിന് താക്കീത്; സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കും
Advertising

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം വേണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി.

Full View

അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ വി എസ് അച്യുതാനന്ദന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. മുതിര്‍ന്ന നേതാവും വഴികാട്ടിയുമെന്ന നിലക്ക് പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര കമ്മിറ്റി വിഎസിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയാണ് വിഎസിന്റെ ഘടകമെന്നും അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്നും വിഎസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നും പാര്‍ട്ടിക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്നുവെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ പരാതി പരിഗണിച്ചാണ് കേന്ദ്ര കമ്മിറ്റി വിഎസിനെ താക്കീത് ചെയ്തത്. പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പിബി കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. മുതിര്‍ന്ന നേതാവും വഴികാട്ടിയും തലമുറകള്‍ക്ക് പ്രചോദനവുമായ വിഎസ് പക്ഷെ സംഘടനാ തത്വങ്ങളും പാര്‍ട്ടി അച്ചടക്കവും പാലിച്ചേ മതിയാവൂ എന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം നല്‍കണമെന്ന വി എസിന്റെ ആവശ്യം തള്ളിയ നേതൃത്വം വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കി.
സംസ്ഥാന കമ്മിറ്റിയാണ് വിഎസിന്റെ ഘടകമെന്നും പറയാനുള്ളതെല്ലാം അവിടെ പറയണമെന്നും നേതൃത്വം നിര്‍ദേശിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പും ഇക്കാര്യത്തില്‍ നിര്‍ണായകമായി.

സ്വജന പക്ഷപാതം പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരാണെന്ന് വിലയിരുത്തിയ കേന്ദ്ര കമ്മിറ്റി ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരായ ബന്ധുനിയമന വിവാദത്തില്‍ സംസ്ഥാന കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടി. വിഷയം അടുത്ത കേന്ദ്ര കമ്മിറ്റി പരിഗണിക്കും. ക്രിമിനല്‍ കേസ് നേരിടുന്ന എം എം മണിക്കെതിരെ കോടതി നടപടികള്‍ പൂര്‍ത്തിയാകട്ടെയെന്നാണ് പാര്‍ട്ടി നിലപാട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News