അടുത്ത മുഖ്യമന്ത്രി ആര്? ചോദ്യവുമായി ദേശീയ മാധ്യമപ്രവര്‍ത്തകര്‍ പിണറായിക്ക് മുന്നില്‍
തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ പ്രണോയ് റോയ്, ഡൊറാബ് സോപാരിവാല, ശേഖര്‍ ഗുപ്ത എന്നിവര്‍ പിണറായിയിലെത്തി പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്തു.
തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ പ്രണോയ് റോയ്, ഡൊറാബ് സോപാരിവാല, ശേഖര്‍ ഗുപ്ത എന്നിവര്‍ പിണറായിയിലെത്തി പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്തു. അവര്‍ക്കും പ്രധാനമായും അറിയേണ്ടിയിരുന്നത് ആരാണ് അടുത്ത മുഖ്യമന്ത്രി എന്നതാണ്. തുറന്ന ചിരി മാത്രമായിരുന്നു പിണറായിയുടെ മറുപടി.
തമിഴ്നാട് സന്ദര്‍ശനത്തിന് ശേഷമാണ് പ്രണോയ് റോയിയും ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ എഡിറ്റര്‍ ശേഖര്‍ ഗുപ്തയും അടക്കമുള്ള മാധ്യമ സംഘം കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം വിലയിരുത്താനെത്തിയത്. ഇവിടെ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയെ കുറിച്ചായിരുന്നു ദില്ലി സംഘത്തിന് പ്രധാനമായും അറിയേണ്ടത്.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമോ, നീക്കുപോക്കോ ഇല്ല എന്നതാണ് പാര്‍ട്ടി ലൈനെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് പിണറായി മറുപടി പറഞ്ഞു. അതുകൊണ്ട് തന്നെ ഒന്നിച്ചുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ഉയര്‍ന്ന് വരില്ല.
ഏറ്റവുമൊടുവില്‍ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയോടാണോ തങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രണോയ് റോയ് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും തുറന്ന ചിരി മാത്രമായിരുന്നു പിണറായിയുടെ മറുപടി.