വിഎസിനെതിരായ മാനനഷ്ടക്കേസില്‍ വിശദമായ വാദം കേള്‍ക്കും

Update: 2017-06-15 21:01 GMT
Editor : admin
വിഎസിനെതിരായ മാനനഷ്ടക്കേസില്‍ വിശദമായ വാദം കേള്‍ക്കും
Advertising

വിഎസിനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസില്‍ നാളെയും വാദം തുടരും

Full View

വിഎസിനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസില്‍ നാളെയും വാദം തുടരും. 31 കേസുണ്ടെന്ന് കാണിച്ച് വിഎസ് സമര്‍പ്പിച്ച പട്ടിക തെറ്റാണെന്നും മുഖ്യമന്ത്രിക്കെതിരെ ഒരു കേസും നിലവിലില്ലെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷന്‍ വാദിച്ചു. അതേസമയം ലോകായുക്തക്ക് മുന്നിലുള്ള പരാതികള്‍ ഉള്‍പ്പെടെ എല്ലാം കേസ് എന്ന വാക്കിന്റെ പരിധിയില്‍ വരുമെന്നായിരുന്നു വിഎസിന്റെ അഭിഭാഷന്റെ വാദം.

തനിക്കെതിരെ 31 കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാമര്‍ശം അപകീര്‍ത്തികരമെന്ന് കാണിച്ചാണ് മുഖ്യമന്ത്രി കേസെടുത്തത്. കേസ് ഇന്ന് തിരുവനന്തപുരം അഡി. സെഷന്‍ ജഡ്ജി എ ബദറുദ്ദീന്‍ പരിഗണിച്ചു. വിഎസ് തന്റെ ആരോപണം തെളിയിക്കാനായി 31 കേസുകളുടെ പട്ടിക സമര്‍പ്പിച്ചിരുന്നു. ഇത് തെറ്റാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷന്‍ സന്തോഷ് കുമാറിന്റെ വാദം. പലതും ആവര്‍ത്തിക്കുന്നതാണ്, പല കേസുകളും കോടതി തള്ളിയതാണ്, പലതും വിഎസിന്റെ പ്രസ്താവനക്ക് ശേഷം നല്‍കിയതാണ് എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചത്.

കേസുകള്‍ എല്ലാം നിലനില്‍ക്കുന്നതാണെന്ന് ഓരോ കേസുമെടുത്ത് വിഎസിന്റെ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ വാദിച്ചു. കേസ് എന്ന വാക്കിന് പ്രത്യേക നിര്‍വചനം നിയമത്തില്‍ ഇല്ലാത്തതിനാല്‍ ലോകായുക്ത, വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഫോറങ്ങളില്‍ നല്‍കുന്ന എല്ലാ പരാതികളെയും കേസ് എന്ന് പറയാമെന്നും വിഎസിന്റെ അഭിഭാഷന്‍ കോടിതിയില്‍ പറഞ്ഞു. വാദം പൂര്‍ത്തിയാകാത്തതിനാല്‍ നാളെ രാവിലെ കോടതി സമയത്തിന് മുന്‍പേ 10ന് ചേര്‍ന്ന് വാദം പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞ കോടതി ഇന്നത്തേക്ക് പിരിഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News