ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമെന്ന് വിജിലന്‍സ്
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ത്വരിത പരിശോധനാ റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്
എന്‍ ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമവിരുദ്ധ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ത്വരിത പരിശോധനാ റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ ശങ്കര്‍ റെഡ്ഡിയുടെ നിയമനം രണ്ട് സര്‍ക്കാരുകളും അംഗീകരിച്ച സാഹചര്യത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനാവില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.
എഡിജിപി ആയിരുന്ന ശങ്കര്‍റെഡ്ഡിയെ ഡിജിപിയായി സ്ഥാനം കയറ്റി നല്‍കി വിജിലന്‍സ് ഡയറക്ടറാക്കിയത് ക്രമവിരുദ്ധമായിരുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം ത്വരിത പരിശോധന നടത്തിയ അന്വേഷണ സംഘമാണ് റെഡ്ഡിയുടെ നിയമനത്തില്‍ ക്രമവിരുദ്ധ ഇടപടലുകള്‍ നടന്നുവെന്ന് കണ്ടെത്തിയത്. ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തര സെക്രട്ടറിയുടെ എതിര്‍പ്പിനെ മറികടന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യോഗ്യതയുള്ള ഡിജിപിമാര്‍ ഉണ്ടായിരിക്കേ എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയത് ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാര്‍കോഴ കേസ് അടക്കമുള്ള വിവാദമായ കേസുകള്‍ അട്ടിമറിക്കാനാണ് റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതെന്ന പരാതിക്കാരന്റെ ആരോപണം ശരിവെക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.
നിയമനം എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ അംഗീകരിച്ചെന്ന ന്യായീകരണമാണ് പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഡിജിപിയായി സ്ഥാനകയറ്റം നല്‍കിയ നാല് ഉദ്യോഗസ്ഥരുടേയും പദവികള്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.