ചൂടു കൂടുന്നു, ഒപ്പം പഴവര്‍ഗങ്ങളുടെ വിലയും
ചൂടില്‍ നിന്ന് രക്ഷ നേടാന്‍ പഴങ്ങളില്ലാതെ വയ്യ. എന്നാല്‍ വില കേട്ടാല്‍ വാങ്ങാതെ മടങ്ങാന്‍ തോന്നും
ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ പഴവര്‍ഗങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നു. ഒരു കിലോ ഓറഞ്ചിന് നൂറ് രൂപ മുതല്‍ നൂറ്റി ഇരുപത് രൂപ വരെയാണ് ഇപ്പോഴത്തെ വില. വില ഉയര്‍ന്നതോടെ കച്ചവടം മോശമാണെന്നാണ് വ്യാപാരികളുടെ പക്ഷം.
ചൂടില്‍ നിന്ന് രക്ഷ നേടാന്‍ പഴങ്ങളില്ലാതെ വയ്യ. എന്നാല്‍ വില കേട്ടാല്‍ വാങ്ങാതെ മടങ്ങാന്‍ തോന്നും. കഴിഞ്ഞ ആഴ്ച വരെ 60 രൂപയായിരുന്ന ഓറഞ്ചിന്റെ വിലയാണ് നൂറ്റി ഇരുപതിലെത്തിയിരിക്കുന്നത്. ഒരു ചെറുനാരങ്ങ കിട്ടണമെങ്കില്‍ 8 രൂപ മുതല്‍ പത്ത് രൂപ വരെ നല്‍കണം. മുന്തിരിക്ക് 80 മുതല്‍ 140 വരെ വിലയുണ്ട്. മാമ്പഴം 120 രൂപ, പൈനാപ്പിള്‍ 40 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. ഒരാഴ്ച കൊണ്ട് രണ്ടിരട്ടിവരെ വില ഉയര്‍ന്നു.
വിലക്കയറ്റം കച്ചവടം മോശമാക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കനത്ത ചൂടില്‍ പഴങ്ങള്‍ പെട്ടെന്ന് കേടാകുന്നതാണ് പ്രധാന പ്രശ്നം. കൃഷിയിടങ്ങളെ വരള്‍ച്ച ബാധിച്ചതും പഴവര്‍ഗങ്ങളുടെ വില കൂടാന്‍ കാരണാണ്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.