തീയറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ല: സ്ത്രീകള്‍ക്ക് ഭീഷണി
ദേശീയ ഗാനം കേള്‍ക്കെ എഴുന്നേറ്റില്ലെന്ന് ആരോപിച്ച് തീയറ്റര്‍ ജീവനക്കാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സിനിമാ തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ദേശീയ ഗാനം കേള്‍ക്കെ എഴുന്നേറ്റില്ലെന്ന് ആരോപിച്ച് തീയറ്റര്‍ ജീവനക്കാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തിരുവനന്തപുരം കൈരളി തീയറ്ററിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി 9.30 ന്‍റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. സിനിമ തുടങ്ങുന്നതിന് മുന്‍പായി ദേശീയഗാനം അവതരിപ്പിച്ചു. സ്ത്രീകളുള്‍പ്പെടെ ചിലര്‍ എഴുന്നേറ്റില്ല. തുടര്‍ന്നെത്തിയ തീയറ്റര്‍ ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്നമായപ്പോള്‍ സ്ഥലത്തെത്തിയ പൊലീസും എഴുന്നേറ്റാല്‍ പ്രശ്നമെന്തെന്ന ചോദ്യമാണ് ഉന്നയിച്ചത്. തീയറ്ററുകളിലെ ദേശീയ ഗാനാലാപനം ഔദ്യോഗിക ആലാപനമല്ലാത്തതിനാല്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇത് മറികടന്നാണ് ജീവനക്കാരുടെ നടപടി.
നേരത്തെ സമാനമായ സംഭവം നടന്നതും ഇതേ തീയറ്ററിലായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തീയറ്റര്‍ മാനേജര്‍ തയാറായില്ല.