പുറ്റിങ്ങല്‍ അപകടം: പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി കത്ത് അയച്ചു.
പുറ്റിങ്ങല്‍ അപകടത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി കത്തും അയച്ചു. വെടിക്കെട്ട് തടയുന്നതിലും അന്വേഷണത്തിലും പൊലീസിന് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ ഉളളടക്കം.
പുറ്റിങ്ങല്‍ വെടിക്കെട്ട് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയും പൊലീസും നേരത്തെ തന്നെ രണ്ട് തട്ടിലായിരുന്നു. ഇപ്പോള്‍ പുറ്റിങ്ങല്‍ സ്ഫോടനക്കേസിന്‍റെ
കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിലപാട് ആവര്‍ത്തിച്ച് ആഭ്യന്തര സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതിരുന്ന വെടിക്കെട്ട് തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരുടെയെങ്കിലും സമ്മര്‍ദം ഇതിനുണ്ടായിരുന്നോ എന്ന കാര്യം അന്വേഷണത്തില്‍ വെളിവായിട്ടില്ല. കനത്ത സമ്മര്‍ദമില്ലാതെ പൊലീസ് നിസംഗ സമീപനം സ്വീകരിക്കുമോ എന്ന് നളിനി നെറ്റോ ചോദിക്കുന്നു.
അപകടത്തിന് കാരണമായ ചെറുസ്ഫോടനങ്ങള്‍ ഉണ്ടായ സമയത്ത് പോലും പൊലീസിന് ഇടപെട്ട് വെടിക്കെട്ട് നിര്‍ത്തിവെക്കാനായില്ല. കേസ് അന്വേഷണത്തിലും എല്ലാ വശങ്ങളും ഉള്‍പ്പെട്ടില്ല. സമഗ്രമായ അന്വേഷണം നടത്തണമെന്നും നളിനി നെറ്റോ ഡിജിപിക്ക്
നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. പുറ്റിങ്ങല്‍ അപകടം നടക്കുന്ന സമയത്ത് ഡിജിപി ആയിരുന്ന ടി പി സെന്‍കുമാറും ആഭ്യന്തര സെക്രട്ടറിയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ നളിനി നെറ്റോക്കെതിരെ ഹരജി സമര്‍പ്പിക്കപ്പെട്ടു.