വടകരയില്‍ ആര്‍എംപിയുടെ വോട്ട് കൂടിയത് മുല്ലപ്പള്ളിയുടെ പ്രത്യുപകാരം കൊണ്ടെന്ന് സിപിഎം
വടകരയില്‍ ആര്‍എംപിയുടെ വോട്ട് കൂടിയത് മുല്ലപ്പള്ളി രാമചന്ദ്രന്‍റ പ്രത്യുപകാരം കൊണ്ടാണെന്ന് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍.
വടകരയില്‍ ആര്‍എംപിയുടെ വോട്ട് കൂടിയത് മുല്ലപ്പള്ളി രാമചന്ദ്രന്‍റ പ്രത്യുപകാരം കൊണ്ടാണെന്ന് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍. പേരാമ്പ്രയില്‍ വോട്ട് കുറഞ്ഞതിന്‍റെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. കുറ്റ്യാടിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടന്നെന്നും പി മോഹനന്‍ ആരോപിച്ചു.
കോഴിക്കോട് ജില്ലയില്‍ 13ല്‍ 11 സീറ്റും നേടിയാണ് ഇടതുമുന്നണി നേട്ടം സ്വന്തമാക്കിയത്. വിജയത്തിനിടയിലും പാര്‍ട്ടി കോട്ടകളിലുണ്ടായ വിള്ളല്‍ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കുറ്റ്യാടിയില്‍ കെ കെ ലതിക തോല്‍ക്കുകയും പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന് ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്തു. യുഡിഎഫിന്‍റെ വര്‍ഗ്ഗീയ ധ്രുവീകരണമാണ് കുറ്റ്യാടിയില്‍ സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. പേരാമ്പ്രയിലെ ഭൂരിപക്ഷം കുറഞ്ഞതിന്‍റെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് പി മോഹനന്‍ പറഞ്ഞു.
വടകരയില്‍ ആര്‍എംപിയുടെ വോട്ട് വര്‍ദ്ധനവ് ലോക്സഭാ തെരഞ്ഞടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് വോട്ട് മറിച്ചതിനുളള പ്രത്യുപകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിലേക്ക് മടങ്ങാനുളള തീരുമാനം ജനതാദള്‍ യു സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തലകുനിച്ച് നില്‍ക്കേണ്ടി വരില്ലായിരുന്നെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടു.