സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമുണ്ടെന്ന് ജോസ് തെറ്റയില്‍

Update: 2017-07-06 14:58 GMT
Editor : admin
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമുണ്ടെന്ന് ജോസ് തെറ്റയില്‍
Advertising

അങ്കമാലിയില്‍ തന്റെ പിന്‍മാറ്റം എല്‍ഡിഎഫിന്റെ മുന്നേറ്റത്തെ ബാധിച്ചു

Full View

അങ്കമാലിയില്‍ തന്റെ പിന്‍മാറ്റം എല്‍ഡിഎഫിന്റെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ടെന്ന് സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയില്‍. താന്‍ മത്സരിക്കാത്തത് വോട്ടര്‍മാരില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധമുണ്ട്. മത്സരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യത്തെ കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം തുറന്ന് പറയുമെന്നും ജോസ് തെറ്റയില്‍ മീഡിയവണിനോട് പറഞ്ഞു.

ഇത്തവണ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സ്വയമേ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ജയസാധ്യത വിലയിരുത്തി തന്റെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലറിന്റെ പ്രാദേശിക സംസ്ഥാന നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വീണ്ടും മത്സരിക്കാന്‍ തയ്യാറെടുത്തത്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മണ്ഡലം കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഐക്യകണ്ഠമായാണ് തീരുമാനം എടുത്തത്. എന്നാല്‍ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി ജില്ലാ പ്രസിഡന്റാണ് തനിക്കെതിരെ നിലപാട് എടുത്തത്. താന്‍ മാറി നില്‍ക്കേണ്ട സാഹചര്യം കേന്ദ്ര നേതൃത്വം ബോധ്യപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധമുണ്ട്. ഈ നിലപാട് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കും.

യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ തുടര്‍ച്ചയായ പത്ത് വര്‍ഷം ജനപ്രതിനിധിയായത് തന്റെ നേതൃത്വത്തിനുള്ള അംഗീകാരമാണ്. കഴിവിന്റെ അംഗീകാരം നിലനില്‍ക്കുമ്പോഴാണ് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ മുന്നണി നേതൃത്വത്തിന്റെ താല്പര്യം ഇല്ല. തനിക്കെതിരെ ഒരു കേസും നിലനില്‍ക്കുന്നില്ല. പ്രാചാരണ രംഗത്ത് തന്റെ സാന്നിധ്യം ഉണ്ടെന്നും തന്റെ വികസന നേട്ടങ്ങള്‍ നിരത്തിയാണ് ഇടത് മുന്നണി മണ്ഡലത്തില്‍ വോട്ട് ചോദിക്കുന്നതെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News