അങ്കമാലിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
അങ്കമാലി നിയോജക മണ്ഡലത്തില്‍ ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം.
അങ്കമാലി നിയോജക മണ്ഡലത്തില്‍ ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. 10 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിനെ മാറ്റിനിര്‍ത്തിയാണ് മണ്ഡലം നിലനിര്‍ത്താനുള്ള വെല്ലുവിളി ഇടതു മുന്നണി ഏറ്റെടുത്തത്.
1965ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനും പിന്നീട് സിപിഎമ്മിനും ജനപ്രതിനിധികള്‍ ഉണ്ടായി. 82 മുതല്‍ 2006 വരെ മണ്ഡലം യുഡിഎഫിന്റെ കൈവശമായിരുന്നു. തുടര്‍ന്ന് ജനതാദള്‍ എസിന്റെ ജോസ് തെറ്റയില്‍ മണ്ഡലം പിടിച്ചു. തെറ്റയില്‍ ജയം ആവര്‍ത്തിക്കുമ്പോഴും ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലം കോണ്‍ഗ്രസിനെ തുണച്ചു. നിരവധി പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളുള്ള മണ്ഡലത്തില്‍ ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂരിനെ തഴഞ്ഞ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് എന്‍ എസ് യു ദേശീയ പ്രസിഡന്റ് റോജി ജോണിനെയാണ്. യുവത്വം വോട്ടാകുമെങ്കില്‍ കാര്യങ്ങള്‍ ശുഭകരമെന്ന് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നു.
സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിന് സീറ്റ് നിഷേധിച്ചാണ് മുന്‍ അങ്കമാലി നഗരസഭ അധ്യക്ഷന്‍ ബെന്നി മൂഞ്ഞേലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. തെറ്റയിലിന്റെ വികസന നേട്ടങ്ങള്‍ പ്രചാരണ വിഷയമാകുമ്പോള്‍ തന്നെ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ തെറ്റയിലും പാര്‍ട്ടി നേതൃത്വവുമായുള്ള ശീതസമരം മുന്നണിക്ക് തലവേദനയാണ്. ക്രൈസ്തവ സഭയ്ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. വ്യവസായ മേഖലയിലെയും കാര്‍ഷിക രംഗത്തെയും പ്രശ്നങ്ങള്‍ വോട്ടിങ്ങിനെ സ്വാധീനിക്കും. ഇരു മുന്നണികളും പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലത്തിലെ ഫലം പ്രവചനാതീതമാണ്.