പറവൂരില്‍ വിജയം ഉറപ്പെന്ന് ഇരുമുന്നണികളും

Update: 2017-07-10 00:38 GMT
Editor : admin
പറവൂരില്‍ വിജയം ഉറപ്പെന്ന് ഇരുമുന്നണികളും
Advertising

കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ മത്സരിക്കുന്ന പറവൂരില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

Full View

കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ മത്സരിക്കുന്ന പറവൂരില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സിപിഐയുടെ ശാരദ മോഹനും ബിഡിജെഎസിന്റെ ഹരി വിജയനുമാണ് പ്രമുഖ എതിര്‍സ്ഥാനാര്‍ഥികള്‍. സതീശന്റെ മികച്ച പ്രതിച്ഛായ ഒന്നുകൊണ്ടുമാത്രം വിജയിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

സിപിഐയെയും കോണ്‍ഗ്രസിനെയും ഒരു പോലെ പിന്തുണച്ച ചരിത്രമുണ്ട് പറവൂരിന്. അതിനാല്‍ തന്നെ കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ തോറ്റെങ്കിലും ഇടതുപക്ഷം ഇത്തവണയും പ്രതീക്ഷ കൈവിട്ടിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്നതും ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലോക്സഭയില്‍ 17314 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യുഡിഎഫിനെ മറികടന്ന് 1474 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത്. മണ്ഡലത്തിലെ പറവൂര്‍ മുന്‍സിപാലിറ്റിയും മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചപ്പോള്‍ നാല് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. പ്രചാരണം അവസാന ലാപ്പിലേക്കെത്തിയപ്പോള്‍ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും എല്‍ഡിഎഫ് പ്രചാരണായുധമാക്കുന്നു.

അതേസമയം വി ഡി സതീശന്റെ പ്രവര്‍ത്തനമികവും ജനകീയതയും വോട്ടായി മാറുമെന്ന ഉറച്ചപ്രതീക്ഷിയിലാണ് യുഡിഎഫ്. മണ്ഡലത്തിലെ നേട്ടങ്ങള്‍ക്കൊപ്പം വര്‍ഗീയതയ്ക്കെതിരെ കടുത്ത നിലപാടെടുത്ത വി ഡി സതീശന് ന്യൂനപക്ഷങ്ങളുടെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷ. വര്‍ഗീയത തന്നെയാണ് തെരഞ്ഞെടുപ്പ് വിഷയമാക്കി സതീശന്‍ ഉയര്‍ത്തിക്കാട്ടുന്നതും.

എസ്എന്‍പി പറവൂര്‍ യൂണിയന്‍ സെക്രട്ടറി ഹരി വിജയനാണ് ബിജെപി ബിഡിജെഎസ് സ്ഥാനാര്‍ഥി. ഈഴവ വോട്ടുകള്‍ക്ക് സ്വാധീനമുള്ള പറവൂരില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുക ബിഡിജെസ് സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ തന്നെയാകും. വെള്ളാപ്പള്ളി നടേശനും വി ഡി സതീശനും തമ്മിലുണ്ടായ വാക്പോരുകള്‍ക്ക് മറുപടി തെരഞ്ഞെടുപ്പിലൂടെ നല്‍കാനാകുമെന്നാണ് ബിഡിജെഎസ് അവകാശപ്പെടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News