ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തെ പരസ്യമായി എതിര്‍ത്ത് പന്തളം രാജകുടുംബം
ധര്‍മ്മശാസ്താവിന്റെ ചൈതന്യം കുടികൊള്ളുന്ന ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ കടുത്ത വിയോജിപ്പാണ് പന്തളം കൊട്ടാര - നിര്‍വാഹക സമിതിക്കുള്ളത്
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തെ പരസ്യമായി എതിര്‍ത്ത് പന്തളം രാജകുടുംബം രംഗത്ത്. ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല. സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള പോംവഴിയായി ക്ഷേത്രത്തിന്റ പേര് മാറ്റുന്നത് വിഡ്ഢിത്തമാണെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി പി എന്‍ നാരായണവര്‍മ്മ മീഡിയവണിനോട് പറഞ്ഞു.
ധര്‍മ്മശാസ്താവിന്റെ ചൈതന്യം കുടികൊള്ളുന്ന ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ കടുത്ത വിയോജിപ്പാണ് പന്തളം കൊട്ടാര - നിര്‍വാഹക സമിതിക്കുള്ളത്. മകരവിളക്ക് ഉത്സവത്തിന് ചാര്‍ത്തുന്ന തിരുവാഭരണ സങ്കല്‍പത്തിന് വിരുദ്ധമാണ് ദേവ്സ്വം ബോര്‍ഡിന്റെ ഉത്തരവ്. സുപ്രീം കോടതിയിലെ കേസില്‍ ഗുണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടപടിയെങ്കില്‍ ഗുണത്തിന് പകരം ദോഷമാകും ഫലം.
മകരവിളക്ക് ഉത്സവത്തിലെ എഴുന്നള്ളത്തില്‍ നടപ്പാക്കാന്‍ പോകുന്ന പരിഷ്കാരവും ആചാരവിരുദ്ധമായ നടപടിയാണെന്നാണ് പന്തളം രാജകുടുംബത്തിന്റെ നിലപാട്.